കോട്ടയം : ഹൃദയശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ അ‌ഡ്മിറ്റായതാണ് കൊല്ലം സ്വദേശി അബ്ദുൾകരീം. വേണ്ടത് ബി നെഗറ്റീവ് ഗ്രൂപ്പിലുള്ള അഞ്ച് യൂണിറ്റ് രക്തം. കോട്ടയത്ത് നിന്ന് രണ്ട് പേരും കൊല്ലത്ത് നിന്ന് മൂന്ന് പേരും രക്തം കൊടുക്കാൻ റെഡിയായി. ട്രാഫിക് ബ്ളോക്കിൽപ്പെട്ട് കൊല്ലത്ത് നിന്നുള്ളവർ എത്തിയപ്പോഴേയ്ക്കും സമയം ഒരുമണി കഴിഞ്ഞു. അതിനാൽ രക്തം സ്വീകരിക്കാൻ കഴിയില്ലെന്നും പിറ്റേന്ന് വരാനും ജീവനക്കാർ നിർദ്ദേശം നൽകി.

ജില്ലയിലെ സർക്കാർ ആശുപത്രികളിലെ രക്തബാങ്കുകൾ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കൂ. ഇതോടെ രോഗികൾക്കൊപ്പം രക്തദാതാക്കളും വലയുകയാണ‌്. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സമയം പുന:ക്രമീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ജീവനക്കാരില്ലെന്ന പേരിൽ നടപ്പാക്കുന്നില്ല. രക്തദാതാക്കളെ കിട്ടാനില്ലാത്ത ഈ സമയത്ത് ജീവനക്കാരുടെ പെരുമാറ്റം കൂടിയാകുമ്പോൾ ഒരിക്കൽ രക്തം കൊടുത്തവർ വീണ്ടും വരാൻ മടിക്കുകയാണ്. 12 കഴിഞ്ഞാൽ ഫോം കൊടുക്കുന്നത് നിറുത്തും. പിന്നീട് ക്യൂവിലുള്ളവർക്ക് മാത്രം രക്തം നൽകി മടങ്ങാം. രക്തദാനത്തിനായി വണ്ടിക്കൂലിയടക്കമുള്ള ചെലവ് സ്വന്തം കൈയിൽ നിന്ന് മുടക്കി എത്തുന്നവരാണ‌് കൂടുതലും. പിറ്റേന്ന് ആരുമെത്തിയില്ലെങ്കിൽ രക്തം പണം കൊടുത്ത് രോഗി വാങ്ങണം.

നടപ്പാക്കാത്ത നിർദ്ദേശം

രക്തശേഖരണം സാദ്ധ്യമല്ലെന്ന് പറഞ്ഞ് ദാതാക്കളെ മടക്കിഅയക്കുന്നത് അവസാനിപ്പിക്കണമെന്നും സർക്കാർ ആശുപത്രികളിലെ രക്തബാങ്കുകൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ അംഗം ജസ്റ്റിസ് പി.മോഹൻദാസ് നിർദ്ദേശിച്ചിരുന്നു.

സമയം കൂട്ടിയാലുള്ള ഗുണങ്ങൾ

കൂടുതൽ പേർക്ക് രക്തദാനത്തിന് സൗകര്യം

ഇപ്പോഴുള്ള തിരക്കിൽ നിന്ന് മോചനം

ദാതാക്കൾക്കും സൗകര്യമനുസിച്ച് എത്താം

രോഗിയുടെ പണം നഷ്ടമാകില്ല

'' മെഡിക്കൽ കോളേജ് ആശുപത്രിയിലെങ്കിലും ഉച്ചകഴിഞ്ഞ് കൂടി രക്തം സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണം. ഞങ്ങളുടെ കൂടെയുള്ള പലർക്കും സമയ നിയന്ത്രണം മൂലം ദാനം ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്'

'- ജോമോൻ,​ (ബ്ളഡ് ഡോണേഴ്സ് കേരള)​