കോട്ടയം: നഗരത്തിലെ ഗതാഗത കുരുക്ക് മുറുക്കി ബേക്കർ ജംഗ്ഷൻ 'ബ്ലോക്കർ ജംഗ്ഷ"നാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളുമായെത്തുന്ന ആംബുലൻസുകൾപോലും കുരുക്കിൽപ്പെടുന്നത് നിത്യസംഭവമാണ്. പൊതുവേ വീതി കുറഞ്ഞ റോഡിൽ രണ്ടുദിശയിലേക്കുമുള്ള ട്രാഫിക്കും അതിനിടെ ഓട്ടോറിക്ഷാ സ്റ്റാന്റും കൂടിയാകുമ്പോൾ ഏതു വാഹനവും പെട്ടുപോവുകയേയുള്ളു. രാവിലെയും വൈകിട്ടും പ്രധാന ജംഗ്ഷൻ മുതൽ സി.എം.എസ്. കോളേജിന് മുൻവശം വരെ വാഹനക്കുരുക്കാണ്. റോഡിന്റെ പരിമിതിപോലും കൂട്ടാക്കാതെ ചെറുവാഹനങ്ങൾ കൂടി ഇടയ്ക്കുകയറിവരുന്നതോടെ കുരുക്ക് സങ്കീർണമാകും. വല്ലവിധേനയും കുമരകം റോഡ് പിന്നിട്ടാൽ എം.സി. റോഡിലെ അശാസ്ത്രീയ ബസ് സ്റ്റോപ്പ് ഉണ്ടാക്കുന്ന പ്രതിസന്ധിയാകും അടുത്ത കുരുക്ക്.
എം.സി. റോഡിലൂടെ ഏറ്റുമാനൂർ, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ നിയമംലംഘിച്ചാണ് ആളെകയറ്റാൻ നിറുത്തുന്നത്. ഇവിടെ ബസ് സ്റ്റോപ്പ് അല്ല എന്ന് മുന്നറിയിപ്പ് ബോർഡ് ഉണ്ടെങ്കിലും ആരും ശ്രദ്ധിക്കുന്നുപോലുമില്ല. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈൻ മറച്ചും വഴിമുടക്കിയുമാണ് സ്വകാര്യബസുകൾ ആളെ കയറ്റാൻ നിറുത്തുന്നത്. കുമരകം ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർ റോഡിന്റെ മറുവശത്ത് എത്തണമെങ്കിൽ ജീവൻപണയംവച്ചുമാത്രമെ നടക്കാനാകു. ട്രാഫിക് ഐലന്റിന് പുറമേ പൊലീസുകാർ ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും സീബ്രാലൈൻ മറച്ചുനിറുത്തുന്ന ബസുകൾക്കെതിരെ നടപടി എടുക്കാറില്ലെന്നും ആരോപണമുണ്ട്. കുമരകം റോഡിൽ പാർക്കുചെയ്യാവുന്ന ഓട്ടോറിക്ഷകളുടെ എണ്ണം നിയന്ത്രിക്കുകയും എം.സി. റോഡിലെ ബസ് സ്റ്റോപ്പ് ശാസ്ത്രീയമായി പരിഷ്കരിക്കുകയും ചെയ്താൽ ഒരുപരിധിവരെ പ്രശ്നം പരിഹരിക്കപ്പെടും.