പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പുറത്തേക്കുള്ള വഴിയിലെ കോൺക്രീറ്റ് കട്ടിംഗ് കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും അപകടക്കെണിയാകുന്നു. കവാടത്തിന്റെ പകുതി കോയിപ്പള്ളി റോഡിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും യാത്രക്കാരുടെ തിരക്കാണ്. കാൽനടക്കാരും ഇരുചക്രവാഹനയാത്രക്കാരും അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. കോൺക്രീറ്റ് പൊളിഞ്ഞു രൂപപ്പെട്ട കട്ടിംഗ് ഉയർന്നു നിൽക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞദിവസം ഇതുവഴി നടന്നുവന്ന ഒരാളുടെ കാലൊടിഞ്ഞതാണ് അവസാനത്തെ സംഭവം.വെച്ചൂച്ചിറ പാറയിൽ ഷാജി (44)യാണ് അപകടത്തിൽ പെട്ടത്. ഇയാൾ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ഇദ്ദേഹം കട്ടിംഗിൽ തട്ടിവീഴുകയായിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങളിൽ നിരവധിപേർക്ക് വലുതുംചെറുതുമായ പരിക്കുകൾ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
പ്രായമായവരും കുട്ടികളുമടക്കം ദിവസവും നൂറുകണക്കിനാളുകൾ ഇതുവഴി സഞ്ചരിക്കുന്നതാണ്. കോൺക്രീറ്റ് കട്ടിംഗിൽ ആളുകൾ തട്ടിവീഴുന്ന സമയത്താണ് ഇതുവഴി വാഹനങ്ങളും കടന്നുപോകുന്നത്. ഭാഗ്യംകൊണ്ടാണ് വലിയ അപകടങ്ങൾ ഉണ്ടാകാത്തതെന്ന് നാട്ടുകാരും സ്റ്റാൻഡിലെ കച്ചവടക്കാരും പറയുന്നു. രാത്രിയിൽ ഇവിടെ ഇരുട്ടായതിനാൽ അപകടസാദ്ധ്യത ഏറെയാണ്. തൊട്ടടുത്തുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ ഒന്നോ രണ്ടോ ബൾബുകൾ മാത്രമാണ് തെളിയുന്നത്. ലൈറ്റ് നന്നാക്കണമെന്നും റോഡിലെ അപകടക്കെണി ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.