കോട്ടയം: ക്രിസ്‌മസ് ദിനത്തിൽ അയ്‌മനത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, വീട് അടിച്ചു തകർക്കുകയും ചെയ്‌ത ഗുണ്ടാസംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. കുപ്രസിദ്ധ ഗുണ്ട വിനീത് സഞ്ജയന്റെ സംഘാംഗമായ അയ്‌മനം ചൂരക്കാവ് പതിമറ്റം കോളനിയിൽ തെക്കേച്ചിറ വീട്ടിൽ സച്ചിൻകുമാറിനെ (28) ആണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തത്. ആക്രമണത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ ഒളശ യൂണിറ്റ് പ്രസിഡന്റ് ഒളശ അമിക്കാരിയിൽ വീട്ടിൽ നിധീഷ് രാജ് (26), പ്രവർത്തകൻ ശ്രീവത്സം വീട്ടിൽ അരുൺ ദാസ് (26) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഒളശ പാഞ്ചേരിയിൽ വീട്ടിൽ അതുൽ പി.ബിജുവിന്റെ വീടാണ് തകർത്തത്.
പ്രദേശത്തെ കഞ്ചാവ് മാഫിയക്കെതിരായി ഡി.വൈ.എഫ്.ഐ നടത്തിയ കാമ്പയിനാണ് അക്രമത്തിന് കാരണം. നിധീഷിനെയും അരുണിനെയും വെട്ടി വീഴ്‌ത്തിയ സംഘം ഇരുവരുടെയും ബൈക്കും മോഷ്‌ടിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ സാബു സണ്ണി, എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ ബൈജു, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നവംബർ 9 ന് നാഗമ്പടം സീസർ പാലസ് ഹോട്ടലിൽ വച്ച് കളക്ടറേറ്റിനു സമീപം പുളിമൂട്ടിൽ വീട്ടിൽ പ്രവീൺ ചാക്കോയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാല മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.