കോട്ടയം : എം.ജി സർവകലാശാലയിലെ വിവാദ മാർക്ക്ദാനം റദ്ദാക്കിയപ്പോൾ മോഡറേഷൻ ലഭിക്കാത്ത രണ്ട് വിദ്യാർത്ഥികളുടെ കൂടി പേരടങ്ങിയ ലിസ്റ്റ് നൽകിയ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തപ്പോൾ ജോയിന്റ് രജിസ്ട്രാർ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റി. അതേസമയം മാർക്ക് ദാനത്തിന് മുൻകൈയെടുത്ത സിൻഡിക്കേറ്റിനെതിരായ നടപടി നീളുമ്പോൾ, സംഭവം പുറത്തുവരാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി പകപോക്കലാണെന്ന ആക്ഷേപവുമുണ്ട്.
സെക്ഷൻ ഓഫീസർമാരായ ബെന്നിക്കുര്യാക്കോസ്, വി.കെ. അനന്ദകൃഷ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരീക്ഷാ വിഭാഗം ജോ. രജിസ്ട്രാർ ആഷിക് എം.എം കമാൽ, ഡെപ്യൂട്ടി രജിസ്ട്രാർ നസീമാ ബീവി, അസി. രജിസ്ട്രാർ പി. പത്മകുമാർ എന്നിവരെ സ്ഥലം മാറ്റി. 116 പേരാണ് മാർക്ക് ദാനത്തിലൂടെ ജയിച്ചെതെങ്കിലും പുനർമൂല്യനിർണയത്തിലൂടെ വിജയിച്ച കോതമംഗലം എം.എ കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒരാളും പരീക്ഷയിലൂടെ ജയിച്ച മൂവാറ്റുപുഴ സിസാറ്റിലെ ഒരാളും അടങ്ങിയ 118 പേരുടെ ലിസ്റ്റാണ് ഇവർ നൽകിയത്. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി ഉത്തരവും ഇറക്കി. ഇത് സർവകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നതാണ് കുറ്റം.
അതേസമയം മോഡറേഷന് അപേക്ഷ നൽകിയവരിൽ ഈ രണ്ട് പേരടക്കം 118 പേരുണ്ടായിരുന്നെന്നും മോഡറേഷൻ ലഭിക്കാതെ തന്നെ പിന്നീട് ഇവർ പാസാവുകയായിരുന്നെന്നാണ് നടപടി നേരിട്ടവരുടെ വിശദീകരണം. മാർക്ക് ദാനം പിൻവലിച്ചതിനെതിരെ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന സർവകലാശാലയുടെ കുറ്റസമ്മതം. ഇതോടെ മാർക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവർണർക്ക് നൽകിയ വിശദീകരണവും സർവകലാശാല പിൻവലിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ജനുവരി നാലിനകം റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.