മൂന്നാർ:അവധി ആഘോഷങ്ങളുടെ ഭാഗമായി മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ഗതാഗതകുരുക്കും രൂക്ഷമായി.മുൻവർഷങ്ങളിലേതിൽകൂടുതലാണ് ഇത്തവണയെന്ന്മാത്രം.റോഡുകളുടെ ശോചനീയാവസ്ഥയും വീതി കുറവുമാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം.ദേശിയപാത വികസനവുമായി ബന്ധപ്പെട്ട നിർമ്മാണജോലികളും അശാസ്ത്രീയ വാഹന പാർക്കിംഗും സുഗമമായ യാത്ര തിരിച്ചടിയാകുന്നു.രാവിലെയും വൈകുന്നേരങ്ങളിലും റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്.കഴിഞ്ഞ ദിവസം മൂന്നാർ മാട്ടുപ്പെട്ടി ടോപ് സ്റ്റേഷൻ റൂട്ടിൽ രണ്ട് മണിക്കൂറിലധികം വാഹനങ്ങൾ കുരുങ്ങി..ഓരോ വർഷവും വിനോദ സഞ്ചാര സീസൺ സീസൺ ആരംഭിക്കും മുമ്പെ ഗതാഗത നിയന്ത്രണത്തിന് സംവിധാനമൊരുക്കുമെന്ന് അധികൃതർ അറിയിക്കുമെങ്കിലുംഅതൊക്കെ പാഴ്വാക്കാകുകയാണ് പതിവ്.
വോളന്റിയേഴ്‌സിനെ നിയമിക്കും
മൂന്നാർ ഗതാഗതക്കുരുക്കിന് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ വേണമെന്ന് ജില്ലാ വികസന സമിതിയിൽ എസ്. രാജേന്ദ്രൻ എം എൽ എ ആവശ്യപ്പെട്ടു. ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങൾക്കായി വിനോദ സഞ്ചാരികൾ കൂട്ടമായി മൂന്നാറിലേക്ക് എത്തിത്തുടങ്ങിയതോടെ മൂന്നാറിലെ ഗതാഗതക്കുരുക്കും കൂടിയ സാഹചര്യത്തിലാണ് എം എൽ എ നിർദ്ദേശിച്ചത്. ശബരിമല തീർത്ഥടകരും വിനോദ സഞ്ചാരികളും അടക്കം നിരവധി പേരാണ് ഗതാഗത കുരുക്കിൽ ബുദ്ധിമുട്ടുന്നത്. ഗതാഗത കുരുക്ക് നിയന്ത്രിക്കാനും അനധികൃത പാർക്കിംഗ് ഒഴിവാക്കാനും സന്നദ്ധ സംഘടനകളുടെയോ സർക്കാർ വകുപ്പുകളുടെയോ നേതൃത്വത്തിൽ വോളന്റിയേഴ്‌സിനെ ചുമതലപ്പെടുത്തിയാൽ അവധിക്കാലത്തുണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കാനാകുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. മൂന്നാറിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വോളന്റിയേഴ്‌സിനെ നിയമിക്കാനും ജില്ലാ വികസന സമിതി തീരുമാനിച്ചു.
വാഹനങ്ങൾ പലതും ഇടുങ്ങിയ വഴിയിൽ ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്ക് മുന്നിലും കൂട്ടമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരിക്കിന്റെ പ്രധാന കാരണം
എസ്. രാജേന്ദ്രൻ എം എൽ. എ
ചിത്രം.മൂന്നാർ മാട്ടുപ്പെട്ടി ടോപ് സ്റ്റേഷൻ റൂട്ടിൽ രണ്ട് മണിക്കൂറിലധികം വാഹനങ്ങൾ കുരുങ്ങി
കിടക്കുന്നു.