കോട്ടയം : ജനുവരി 1 മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കർശനമായി നടപ്പാക്കാൻ ജില്ലയിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. 30, 31 തീയതികളിൽ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജനപ്രതിനിധികൾ, വ്യാപാരിവ്യവസായികൾ, സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം സംഘടിപ്പിക്കും. എല്ലാ സ്ഥാപനങ്ങളിലും നിലവിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ സ്റ്റോക്ക് തദ്ദേശസ്ഥാപനങ്ങൾ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സഹകരണത്തോടെ പരിശോധിക്കും.
പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളും സ്‌കൂൾ വിദ്യാർത്ഥികളും മുഖേന എല്ലാ വീടുകളിലും ലഘുലേഖകൾ എത്തിക്കും. കളക്ടറേറ്റിൽ ചേർന്ന ആലോചനാ യോഗത്തിൽ ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു അദ്ധ്യക്ഷത വഹിച്ചു.
നിരോധനം ബാധകമായ വസ്തുക്കൾ
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,ടേബിളിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ
തെർമോക്കോൾ, സ്റ്റൈറോഫോം പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂൺ, സ്‌ട്രോ, ഡിഷ്
പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗളുകൾ,ബാഗുകൾ
നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് പതാകകൾ, പ്ലാസ്റ്റിക് ബണ്ടിംഗ്
പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, ബ്രാൻഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
PET/PETE കുടിവെള്ള ബോട്ടിലുകൾ(500 മില്ലിലിറ്ററിന് താഴെ)
ഗാർബേജ് ബാഗുകൾ,പി.വി.സി ഫ്ലക്‌സ് മെറ്റീരിയലുകൾ,പ്ലാസ്റ്റിക് പായ്ക്കറ്റുകൾ