കോട്ടയം : നിർഭയദിനാചരണത്തിന്റെ ഭാഗമായി 'പൊതു ഇടം എന്റേതും" എന്ന പേരിൽ വനിതാശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന രാത്രി നടത്തത്തിൽ ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കുചേരും. ഇന്ന് രാത്രി 11 മുതൽ നാളെ പുലർച്ചെ ഒന്ന് വരെയാണ് പരിപാടി. ആറ് മുനിസിപ്പാലിറ്റികളിലായി നഗരമധ്യത്തിൽനിന്ന് 28 കേന്ദ്രത്തിലേക്കും തിരികെയുമാണ് നടത്തം. തുടർന്ന് പൊതുസമ്മേളനവും കലാപരിപാടികളുമുണ്ട്. സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉയർത്തുന്നതിനും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സർക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് പ്രധാന കേന്ദ്രമായ ഗാന്ധി സ്‌ക്വയറിൽനിന്ന് എസ്.എൻ. ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, സി.എം.എസ് കോളേജ്, ഗാന്ധി സ്‌ക്വയർചിൽഡ്രൻസ് ലൈബ്രറി, മനോരമ ജംഗ്ഷൻ എന്നിവിടങ്ങളിലേക്കാണ് നടത്തം.

ഏറ്റുമാനൂരിൽ ബസ് സ്റ്റാന്റിൽനിന്നും എസ്.എഫ്.എസ്. റോഡ്, പാലാ റോഡ്, നീണ്ടൂർ റോഡ് എന്നിവിടങ്ങളിലേക്കും പാലായിൽ മുനിസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് ചെത്തിമറ്റം, ഞൊണ്ടിമാക്കൽ, പുത്തൻപള്ളി, മുണ്ടുപാലം, ആർ.വി. ജംഗ്ഷൻ, സെന്റ് തോമസ് കോളേജ്, മുരിക്കുംപുഴ എന്നിവിടങ്ങളിലേക്കുമാണ് നടക്കുക. ചങ്ങനാശേരിയിൽ സെൻട്രൽ ജംഗ്ഷനിൽനിന്നും ആലപ്പി ജംഗ്ഷൻ, സന്താന ഗോപാല ക്ഷേത്രം ജംഗ്ഷൻ, വട്ടപ്പള്ളി ജംഗ്ഷൻ, എസ്.ബി. കോളേജ്, അരമനപ്പടി എന്നിവിടങ്ങളിലേക്കും വൈക്കത്ത് സത്യാഗ്രഹ സ്മാരകത്തിൽനിന്നും കച്ചേരിക്കവല, ആശ്രമം സ്‌കൂൾ, ബോയ്‌സ് ഹൈസ്‌കൂൾ, ലിങ്ക് റോഡ്, കൊച്ചുകവല എന്നിവിടങ്ങളിലേക്കും ഈരാറ്റുപേട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽനിന്നും മുട്ടം ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിലേക്കുമാണ് നടത്തം സംഘടിപ്പിച്ചിരിക്കുന്നത്.