ഏഴാച്ചേരി: നിറദീപങ്ങൾ നിറഞ്ഞാടിയ ഏഴാച്ചേരി കാവിൻപുറം ദേശ താലപ്പൊലിയിൽ അണിചേർന്നത് നൂറു കണക്കിനു വനിതകൾ.
കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവ ഭാഗമായുള്ള ദേശ താലപ്പൊലികൾ ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുങ്കയത്തിൽ നിന്നും ഇന്നലെ സന്ധ്യയോടെയാണ് ആരംഭിച്ചത്. ശിങ്കാരിമേളം, കാവടിയാട്ടം, ദേവ നൃത്തം, മയിലാട്ടം, വാദ്യഘോഷങ്ങൾ എന്നിവ അകമ്പടിയാക്കിയ ദേശ താലപ്പൊലികൾ രാത്രി 8 മണിയോടെ കാവിൻ പുറം കാണിക്ക മണ്ഡപം ജംഗ്ഷനിൽ സംഗമിച്ചു. തുടർന്ന് മഹാ താലപ്പൊലി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങി. ക്ഷേത്ര കവാടത്തിൽ വാദ്യമേളങ്ങളോടെ ദേശ താലപ്പൊലികളെ എതിരേറ്റു. താലപ്പൊലിക്ക് അകമ്പടിയായ തിടമ്പ് നാലമ്പലത്തിൽ ഇറക്കിയ ശേഷം വിശേഷാൽ ദീപാരാധനയും, വലിയ കാണിക്കയും നടന്നു. താലപ്പൊലി ഘോഷയാത്രയ്ക്ക് ശേഷം നടന്ന വിശേഷ ചടങ്ങായ താലമൂട്ടിൽ ആയിരങ്ങൾ പങ്കെടുത്തു. ആറു കൂട്ടം വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള താലമൂട്ടാണ് ഇത്തവണ നടത്തിയത്. താലമൂട്ട് ചടങ്ങിൽ ഉമാമഹേശ്വരന്മാരും പങ്കെടുക്കുന്നുവെന്നാണ് സങ്കൽപ്പം. അവർക്കായി പ്രത്യേകം ഇലയിട്ട് താലമൂട്ട് സമർപ്പിച്ച ശേഷമാണ് ഭക്തജനങ്ങൾക്ക് വിളമ്പിയത്. താലമൂട്ടിനു ശേഷം നിറനിലാവ് നാടൻ പാട്ടുകളും അരങ്ങേറി.