പെരുന്ന: മന്നം ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ എൻ.എസ്.എസ്. ആസ്ഥാനത്ത് പുരോഗമിക്കുന്നു. ആസ്ഥാനവും മന്നം സമാധിയും പ്രധാനകവാടവും ചായംപൂശി മോടിയാക്കി. എൻ.എസ്.എസ്. ഹൈസ്‌കൂൾ മൈതാനത്ത് പന്തലിന്റെ പണികളും അവസാനഘട്ടത്തിലാണ്. ജനുവരി 1, 2 തീയതികളിലാണ് മന്നം ജയന്തി ആഘോഷങ്ങൾ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്നത്. ജനുവരി 1 ന് രാവിലെ പ്രഭാതഭേരി, 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15ന് നടക്കുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജി.സുകുമാരൻ നായർ സ്വാഗതവും വിശദീകരണവും നടത്തും. എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിക്കും. കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ് സംസാരിക്കും. ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. വൈകിട്ട് 3.30ന് ചെന്നൈ കുന്നക്കൂടി ബാലമുരളീകൃഷ്ണയുടെ സംഗീത സദസ്, 6 ന് വയലിൻ ഫ്യൂഷൻ, രാത്രി 9 ന് മേജർസെറ്റ് കഥകളി കഥ : നളചരിതം മൂന്നാം ദിവസം, ബാലി വിജയം. 2 ന് രാവിലെ 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 8 ന് നാദസ്വരക്കച്ചേരി, 10.30 ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 10.45 ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അഡ്വ.പി.എൻ.നരേന്ദ്രനാഥൻനായർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ സി.രാധാകൃഷ്ണൻ, കേരള സർവകലാശാല ഒഫ് ഹെൽത്ത് സയൻസസ് മുൻവൈസ് ചാൻസലർ ഡോ.എം.കെ.സി.നായർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ജി.സുകുമാരൻ നായർ സ്വാഗതവും, ഡോ.എം.ശശികുമാർ നന്ദിയും പറയും.