കോട്ടയം : വേനൽക്കാലത്തെ ജലക്ഷാമം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ കുടിവെള്ള വിതരണ പൈപ്പുകളുടെ കേടുപാടുകൾ കണ്ടെത്തി പരിഹരിക്കുന്നതിനായി വിശദ പരിശോധന നടത്തും. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ ധാരണയായി. ജനുവരി മുതലുള്ള നാലു മാസം കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി ഊർജ്ജിതമായ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വിഷയം അവതരിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർദേശിച്ചു. പൈപ്പുകളുടെ കേടുപാടുകൾ പൂർണമായും പരിഹരിക്കണം. പൈപ്പിലൂടെ പരമാവധി വെള്ളം ലഭ്യമാക്കുന്നതിനൊപ്പം ടാങ്കർ ലോറികളിൽ വിതരണം നടത്തുന്നതിന് കൃത്യമായ ആസൂത്രണം നടത്തണം. കുടിവെള്ള പൈപ്പുകൾ പൊട്ടി ജലവിതരണം തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ അതു സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന തിരുവഞ്ചൂർ പൂവത്തുംമൂട് മുതൽ മോസ്‌കോ കവല വരെയുള്ള പൈപ്പ്‌ലൈൻ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പതിനഞ്ചു ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. ബേക്കർ ജംഗ്ഷൻഇല്ലിക്കൽ, വട്ടമൂട് ഇറഞ്ഞാൽ റോഡുകളുടെ നിർമാണ പ്രവർത്തനം ജനുവരി 15ന് ആരംഭിക്കും.

കറിക്കാട്ടൂർ മാതൃകാ പട്ടികജാതി കോളനി നിവാസികളുടെ പൊതു ആവശ്യങ്ങൾക്കായി അനുവദിച്ച സ്ഥലത്ത് റോഡിനോടു ചേർന്ന് താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് കഴിഞ്ഞ മാസത്തെ ജില്ലാ വികസന സമിതിയിൽ ഡോ. എൻ.ജയരാജ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ വാർഷിക പദ്ധതി നിർവഹണം പരമാവധി കാര്യക്ഷമമാക്കുന്നതിന് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർദേശിച്ചു. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ് പി. മാത്യു, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.