കോട്ടയം : കഴിഞ്ഞ വർഷത്തെ അത്രയും മഴ ലഭിച്ചില്ലെങ്കിലും ചൂട് കനത്തതോടെ ജലാശയങ്ങൾ വറ്റിത്തുടങ്ങി. ഈ പോക്കു പോയാൽ അടുത്തമാസം മുതൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നതിനാൽ മുൻകരുതൽ ഊർജിതമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജലവിതരണപൈപ്പുകളിൽ അറ്റകുറ്റപ്പണികൾ ആവശ്യമുള്ളയിടങ്ങൾ കണ്ടെത്തുന്നതിന് സർവേ തുടങ്ങും.
മഴമാറിയതോടെ മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിൽ വെള്ളം താഴ്ന്നു. കിണറുകളിലും കുളങ്ങളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ അധിക മഴ ലഭിച്ചിട്ടം വരൾച്ച രൂക്ഷമായിരുന്നു.. ഈ സാഹചര്യത്തിലാണ് വെള്ളക്ഷാമം പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുന്നത്. മലയോര മേഖലയിലും പടിഞ്ഞാറൻ മേഖലയിലും ഒരു പോലെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നാണ് കണക്കു കൂട്ടൽ. നിർമ്മാണത്തിലിരിക്കുന്ന ശുദ്ധജല വിതരണ പദ്ധതികൾ കഴിവതും വേഗത്തിൽ പൂർത്തിയാക്കും. പമ്പിംഗ് പ്രശ്‌നവും പൈപ്പ് പൊട്ടലും മൂലമുള്ള പ്രശ്‌നങ്ങളും പരമാവധി കുറയ്ക്കും. ഇതിനായി വാട്ടർ അതോറിറ്റി പ്രത്യേക ശ്രദ്ധ പുലർത്തും. അറ്റകുറ്റപ്പണികൾക്കും മറ്റും കൂടുതൽ പണം നേടിയെടുക്കാൻ ഡയറക്ടറേറ്റുമായി ബന്ധപ്പെടാൻ വാട്ടർഅതോറിറ്റി എക്‌സി.എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വെള്ളം പോയ വഴി കാണുന്നില്ല
ഇത്തവണ ജില്ലയിൽ ഒക്ടോബർ മുതൽ ഇതുവരെ 798.8 മില്ലിമീറ്റർ മഴ ലഭിച്ചു. പ്രതീക്ഷിച്ചതിന്റെ 49% കൂടുതൽ ആണെങ്കിലും ആറ്റിലെ ജലനിരപ്പ് വേഗത്തിൽ താഴുന്നത് കടുത്ത ജലക്ഷാമത്തിന് കാരണമാകും. മീനച്ചിലാറിലെ തടയണയും കുഴിയുള്ള ഭാഗത്തും മാത്രമാണ് വെള്ളം കാര്യമായി ഉള്ളത്. ബാക്കിയുള്ളയിടങ്ങളെല്ലാം വറ്റിത്തുടങ്ങി.
ആശങ്കയ്ക്ക് കാരണം
പ്രളയ ശേഷം കടുത്ത വരൾച്ചയുണ്ടായി
ലഭിച്ച മഴവെള്ളം ശേഖരിക്കാനായില്ല
ജലാശയങ്ങളെല്ലാം വറ്റിത്തുടങ്ങി