കോട്ടയം: ഒരു വർഷം മുൻപ് നിർമ്മാണം തുടങ്ങിയ കഞ്ഞിക്കുഴി മേൽപ്പാലത്തിന്റെ ജോലികൾ ഒടുവിൽ പൂർത്തിയായി. മേൽപ്പാലം നാളെ ഗതാഗതത്തിനായി തുറന്നു നൽകും. രണ്ടാഴ്‌ച മുൻപ് നിർമ്മാണം പൂർത്തിയാക്കിയിരുന്നെങ്കിലും, ചില അറ്റകുറ്റപണികൾ കൂടി പൂർത്തിയാക്കേണ്ടിയിരുന്നതിനാൽ ഗതാഗതത്തിനായി തുറന്നു നൽകുന്നത് വൈകുകയായിരുന്നു. നാളെ രാവിലെ പത്തിനാണ് പാലം തുറക്കുന്നത്. എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. എന്നിവർ പങ്കെടുക്കും. 2018ൽ നിർമ്മാണം ആരംഭിച്ച പാലം ഒരു വർഷം കൊണ്ടാണ് പൂർത്തിയായത്. എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായാണ് കഞ്ഞിക്കുഴിയിലെ മേൽപ്പാലവും പൊളിച്ചു പണിതത്. അൻപത് മീറ്ററാണ് പാലത്തിന്റെ നീളം. 13.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളുണ്ടാകും.
പാലത്തിന്റെ അടിത്തറയിൽ 24 ഗർഡറുകളും മുകളിൽ ആറു ഗർഡറുകളുമാണ് ഉറപ്പിച്ചിരിക്കുന്നത്. ഗതാഗതം മുടങ്ങാതിരിക്കാൻ പ്ലാന്റേഷൻ കോർപ്പറേഷൻ വക സ്ഥലത്ത് കൂടി പുതിയ റോഡ് നിർമിച്ചു ഗതാഗതം തിരിച്ചുവിട്ടിരുന്നു. പാലം നാളെ തുറക്കുന്നതിനൊപ്പം പുതിയ റോഡ് അടയ്ക്കും. പിന്നാലെ ഈ റോഡ് പൊളിച്ചു മാറ്റും. ഇതിനൊപ്പം ഇവിടെയുള്ള തുരങ്കവും പൊളിച്ചു നീക്കിയാകും ഇരട്ടപ്പാത നിർമ്മാണം. മേൽപ്പാലം തുറന്നു കൊടുക്കുന്നതിനൊപ്പം റബർ ബോർഡ് മേൽപ്പാലം നിർമ്മാണം വേഗത്തിലാക്കും. നിലവിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലികൾ അന്തിമ ഘട്ടത്തിലാണ്.
റോഡ് നിലനിറുത്തണമെന്ന ആവശ്യം നടപ്പാകില്ല ?
കഞ്ഞിക്കുഴി മേൽപ്പാലത്തിന്റെ നിർമ്മാണ സമയത്ത് സമാന്തരമായി നിർമ്മിച്ചിരുന്ന റോഡ് നില നിറുത്തണമെന്ന ആവശ്യം നടപ്പാകില്ലെന്നാണ് സൂചന. നേരത്തെ പാലം നിർമ്മിച്ചാലും റോഡ് പൊളിച്ചു നീക്കില്ലെന്നായിരുന്നു വാഗ്ദാനം. പാത ഇരട്ടിപ്പിക്കലിനായി റോഡിന്റെ ഇരുവശങ്ങളിലെയും മണ്ണെടുത്ത് നീക്കേണ്ടി വരും. ഇത്തരത്തിൽ മണ്ണ് നീക്കുമ്പോൾ സ്വാഭാവികമായും റോഡും പൊളിച്ചു നീക്കേണ്ടി വരും. ഈ സാഹചര്യത്തിൽ റോഡ് നിലനിറുത്തൽ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.