കോട്ടയം: വീടിന്റെ അടുക്കളയ്ക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടതായി വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും, വാവ സുരേഷും സ്ഥലത്ത് എത്തി. തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. വേളൂർ തെക്കേക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപം കാരിക്കുഴി ലിസിയുടെ വീട്ടിലാണ് പാമ്പ് കയറിയതായി വീട്ടുകാർ അറിയിച്ചത്. തുടർന്ന് വീട്ടുകാർ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. വനം വകുപ്പ് അധികൃതരാണ് വാവ സുരേഷിനെ വിവരം അറിയിച്ചത്. തുടർന്ന് ഉച്ചയോടെ വാവ സുരേഷ് സ്ഥലത്ത് എത്തി. വാവ സുരേഷ് സ്ഥലത്ത് എത്തിയത് അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് വീടിനു സമീപത്ത് തടിച്ചു കൂടിയത്. എന്നാൽ, വാവ സുരേഷ് പരിശോധന നടത്തിയിട്ടും വീടിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ പന്ത്രണ്ടരയോടെ മൂർഖനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് പരിശോധന സംഘം മടങ്ങി. ഇതോടെയാണ് വീട്ടിൽ തടിച്ചു കൂടിയ നാട്ടുകാർ പിരിഞ്ഞു പോയത്.