പാലാ: വൈകല്യങ്ങളെ കൈവല്യങ്ങളാക്കിയ ഉണ്ണി മാക്‌സായിരുന്നു 'വർണ്ണശലഭ"ങ്ങളിലെ താരം. രാമപുരം ബി. ആർ. സി.യിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച സാമൂഹിക ഉൾച്ചേരൽ പരിപാടിയുടെ ഭാഗമായുളള 'വർണ്ണശലഭങ്ങൾ" സഹവാസക്യാമ്പിന്റെ ഉദ്ഘാടനനത്തിനെത്തിയതായിരുന്നു ജീവിതം വീൽചെയറിലായിട്ടും ആത്മവിശ്വാസം കൈ വിടാത്ത ഉണ്ണി. ഉണ്ണിയുടെ ഭാര്യയും പ്രമുഖ സാഹിത്യകാരിയുമായ ശ്രീപാർവതിയും ഒപ്പമുണ്ടായിരുന്നു. പഞ്ചായത്തംഗം എൻ.സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി.
ഏവരെയും പ്രചോദിതരാക്കുന്ന ജീവിതമാണ് ഉണ്ണിയുടേത്.1997ൽ ഒരു അപകടത്തെത്തുടർന്ന് 'പാരാ പ്ലീജിയ ' ബാധിതനായി ജീവിതം വീൽചെയറിൽ ആയപ്പോഴും ഒരു പോരാളിയെപ്പോലെ ഇദ്ദേഹം താനാഗ്രഹിച്ച സന്തോഷകരമായ ജീവിതം കൈയെത്തിപ്പിടിക്കാനുറച്ചു. കൂട്ടുകാരോടൊപ്പംപോയി ഗ്രാഫിക്‌സ് പഠിച്ചു. തന്നെപ്പോലുളളവർക്കായി രൂപീകരിച്ച 'തണൽ"എന്ന സംഘടനയുടെ ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകനും ,'ഛായ" നാടകത്തിലെ നടനുമായി. വിവിധ വിദേശ നാടുകൾ സന്ദർശിച്ചു. ഏതിനും പിന്തുണയായി ശ്രീ പാർവ്വതി ഒപ്പവും. ഇവരുടെ അഞ്ചാമത്തെ പുസ്തകവും പ്രസിദ്ധീകരണഘട്ടത്തിലാണ്. യോഗത്തിൽ ഡയററ് ഫാക്കൽറ്റി റെജിൻ ജോർജ്ജ്,ഹെഡ്മാസ്റ്റർ സുരേഷ്‌കുമാർ, അദ്ധ്യാപകൻ രാജേഷ് ശ്രീഭദ്ര എന്നിവർ സംസാരിച്ചു. രാമപുരം ബി പി .ഒ അശോക്. ജി സ്വാഗതവും ട്രെയിനർ ഷൈലജ പി.എസ്. നന്ദിയും പറഞ്ഞു.