കോട്ടയം : ശിവഗിരി തീർത്ഥാടനകാലം വിദ്യാലയങ്ങൾക്ക് പ്രവൃത്തിദിനങ്ങളാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ ശക്തമായി പ്രതിഷേധിച്ചു.ലോകം മുഴുവനും ഗുരുദർശനം ഹൃദയത്തിൽ ഏറ്റെടുക്കുന്ന ഈ കാലത്തും, സർക്കാർ ശിവഗിരി തീർത്ഥാടനത്തിനു അതിന്റെതായ പ്രാധാന്യവും പ്രാമുഖ്യവും നൽകുന്നില്ല എന്നുള്ളത് വിവേചനപരവും പ്രതിഷേധാർഹവുമാണ്. തീർത്ഥാടനകാലത്തു തന്നെ ക്രിസ്മസ് അവധിക്കു ശേഷം സ്‌കൂളുകൾ തുറക്കുന്നതിനുള്ള തീരുമാനം അതിനുദാഹരണമാണ്. ഈ വൈകിയ വേളയിൽ എങ്കിലും തീർത്ഥാടനദിവസങ്ങൾക്കു ശേഷം ക്ലാസുകൾ തുടങ്ങുന്നതിനുള്ള തീരുമാനം എടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എ.ഡിി പ്രസാദ് ആരിശ്ശേരിൽ, സെക്രട്ടറി എൻ.കെ. രമണൻ,​ യോഗം കൗൺസിലർ സി.എം. ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗം ടി.സി. ബൈജു, കൗൺസിൽ അംഗങ്ങൾ. യൂത്ത്മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ കിഷോർ കുമാർ, ധനേഷ് കെ.വി, രാജേഷ് കെ.ജി എന്നിവർ സംസാരിച്ചു.