കോട്ടയം : ചീറിപ്പായുന്നവർ ഓർക്കുക, അപകടമുനമ്പുകളായി സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി 15 ബ്ലാക്ക് സ്‌പോട്ടുകളാണ് ജില്ലയിലെ റോഡുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായ ആദ്യ ബ്ലാക്ക് സ്‌പോട്ടിൽ ദേശീയ-സംസ്ഥാന പാതകളിലെ ഓരോയിടങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. റോഡുകളിൽ അപകടങ്ങളും മരണവും കൂടിയ പ്രദേശങ്ങളെയാണ് ബ്ലാക്ക് സ്‌പോട്ടായി രേഖപ്പെടുത്തുന്നത്. അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിംഗ് ഇവിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ ഈ വർഷം അഞ്ഞൂറോളം അപകടങ്ങളിലായി 77 പേരുടെ ജീവനാണ് പൊലിഞ്ഞത്.

കൊട്ടാരക്കര -ഡിണ്ഡിഗൽ ദേശീയ പാതയിലും എം..സി റോഡിലും, പൊൻകുന്നം- പാലാ റോഡിലും, പാലാ-ഏറ്റുമാനൂർ റോഡിലും, ഏറ്റുമാനൂർ-എറണാകുളം റോഡിലും ബ്ളാക് സ്പോട്ടുകളുണ്ട്.

ഇവ മരണ സ്‌പോട്ടുകൾ

ഏറ്റുമാനൂർ- എറണാകുളം റോഡിൽ പട്ടാളമുക്ക്

ദേശീയപാതയിൽ മുണ്ടക്കയം ചിറ്റടി

എ.സി റോഡിൽ പാലയ്ക്കൽ കലുങ്ക്

ഏറ്റുമാനൂർ- പൂഞ്ഞാർ റോഡിൽ പുലിയന്നൂർ,​ പാലാ മേരിഗിരി

എം.സി റോഡിൽ കോടിമത

കെ.കെ​.റോഡിൽ മണർകാട്,​

കാട്ടിക്കുന്ന്,​ ചാലുകുന്ന്,​ പെരുമാറൂർകുളം

ചെമ്പ്,​ വടവാതൂർ മിൽപടി,​ വല്ലകം,​ അംബിക മാർക്കറ്റ്

''ബ്ലാക്ക് സ്‌പോട്ട് മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായിട്ടുള്ള ആദ്യ സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീം പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാൻ പരിശോധനയ്ക്ക് കഴിയുന്നുണ്ട്''
മോട്ടോർവാഹനവകുപ്പ്