വൈക്കം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിൽ വൈക്കം ബ്ലോക്കിൽ കുടിശികയായി കൊടുത്തു തീർക്കാനുള്ള 11 കോടി ഉടൻ വിതരണം ചെയ്യണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യു.സി വൈക്കം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വേതനം കിട്ടാതെ നൂറുകണക്കിന് തൊഴിലാളികൾ വിഷമിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു പി. മണലൊടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. രജനി, ലീനമ്മ ഉദയകുമാർ, കെ.ഡി.വിശ്വനാഥൻ, എം.ഡി. ബാബുരാജ്, പി.എസ്. പുഷ്‌കരൻ, കെ.അജിത്ത് എന്നിവർ പ്രസംഗിച്ചു.