ചങ്ങനാശേരി: പടിഞ്ഞാറൻ ബൈപ്പാസ് പദ്ധതി എന്നെങ്കിലും സഫലമാകുമോ എന്ന ചോദ്യത്തിന് പ്രതീക്ഷയോടെ ഉത്തരം തേടുകയാണ് ചങ്ങനാശേരിക്കാർ. സ്ഥലമേറ്റെടുക്കുന്നതിനും പ്രാഥമിക പ്രവർത്തനങ്ങൾക്കുമായി 57 കോടിരൂപയാണ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് സർക്കാർ വകയിരുത്തിയിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ബൈപ്പാസിനായി രൂപരേഖയും തയ്യാറാക്കിയിരുന്നു. സാങ്കേതികാനുമതിയ്ക്കായി കാത്തിരിക്കുമ്പോഴാണ് പടിഞ്ഞാറൻ ബൈപ്പാസ് പദ്ധതി ഉപേക്ഷിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. പടിഞ്ഞാറൻ ബൈപ്പാസിനായി കണ്ടെത്തിയ സ്ഥലങ്ങൾ തണ്ണീർത്തടങ്ങൾ ആയതിനാൽ തണ്ണീർത്തട നെൽവയൽ സംരക്ഷണനിയമമനുസരിച്ച് സംസ്ഥാന പാരിസ്ഥിതികസമിതിയുടെ അനുമതി ലഭിക്കണമായിരുന്നു. എന്നാൽ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. എന്നാൽ പാരിസ്ഥിതികപ്രശ്‌നത്തിൽ നിന്ന് ബൈപ്പാസിനായി കണ്ടെത്തിയ സ്ഥലം
ഒഴിവാക്കിയെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനാൽ പടിഞ്ഞാറൻ ബൈപ്പാസ് പദ്ധതി സഫലമാകുമെന്ന പ്രതീക്ഷയാണ് ജനങ്ങൾ പങ്കുവയ്ക്കുന്നത്.
പദ്ധതി വിഭാവനം ഇപ്രകാരം...
പാലാത്രച്ചിറയിൽ നിന്ന് ആരംഭിച്ച് ചങ്ങനാശേരി നഗരസഭയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലൂടെ എ.സി.റോഡ് മുറിച്ച് കടന്ന് പായിപ്പാട്, പെരിങ്ങര പഞ്ചായത്തുകളിലൂടെ ളായിക്കാടിന് സമീപം എം.സി. റോഡിലെത്തുന്ന തരത്തിലായിരുന്നു പടിഞ്ഞാറൻ ബൈപ്പാസ് വിഭാവനം ചെയ്തിരുന്നത്. 2.8 കിലോമീറ്ററായിരുന്നു ദൈർഘ്യം.