കോട്ടയം : ബൈക്കപകടങ്ങളിൽ മരണം ഒരു ഡസനിലേറെ, വെള്ളത്തിൽ വീണ് മരിച്ചവർ അതിലേറേ. കഞ്ചാവ് മയക്കുമരുന്നു കേസുകളിൽ കുടുങ്ങിയവരുടെ എണ്ണം നൂറിലേറെ. 2019ലെ അപകടമരണങ്ങളിലും നാർക്കോട്ടിക് കേസിലും പെട്ടവരിൽ ഏറെയും യുവാക്കളായിരുന്നു. അമിതവേഗതയായിരുന്നു അപകടങ്ങൾക്ക് കാരണമെങ്കിൽ നീന്തലറിയാതെ വെള്ളത്തിൽ ചാടി ദുരന്തത്തിൽപ്പെടുകയായിരുന്നു വിദ്യാർത്ഥികളിലേറെയും.

ഹെൽമറ്റ് ധരിക്കാതെയും മദ്യപിച്ചു ലഹരിക്കടിപ്പെട്ടും അമിതവേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗുമായിരുന്നു ഇരുചക്രവാഹനാപകടങ്ങൾക്ക് പ്രധാന കാരണം. എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ മാത്രം അരഡസനോളം യുവാക്കൾ ഇരുചക്രവാഹനാപകടങ്ങളിൽ മരിച്ചു. നിരവധിപേർക്ക് സാരമായ പരിക്കേറ്റു. സ്കൂൾ , കോളേജ് അവധി ദിവസങ്ങളിൽ വീട്ടുകാരറിയാതെ കൂട്ടുകാർക്കൊപ്പം കറങ്ങി അപകടങ്ങളിൽപ്പെട്ടവർ ഏറെയാണ്. വാഗമണ്ണിന് ഉല്ലാസയാത്ര പോകും വഴി മാർമലരുവിയിൽ കുളിക്കാനിറങ്ങി നാലുപേരാണ് മരിച്ചത്. പൂവത്തുമൂട് പാലത്തിന് സമീപവും തിരുവഞ്ചൂർ ,പാറമ്പുഴ, ചങ്ങനാശേരി എന്നിവിടങ്ങളിലുമായി എട്ടു പേരാണ് മരിച്ചത്. അലനും ഷിബിനും അശ്വിനുമാണ് പൂവത്തുംമൂട് അവസാനം അപകടത്തിൽപ്പെട്ടു മരിച്ച സ്കൂൾ വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം ചങ്ങനാശേരിക്കാരായ രണ്ടു വിദ്യാർത്ഥികൾ മണിമലയാറ്റിൽ മുങ്ങിമരിച്ചതാണ് വർഷാവസാനത്തെ ദുരന്തം.

മണൽവാരി ആഴമേറിയ ആറുകളിൽ വെള്ളത്തിലിറങ്ങരുതെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചും ചാടിയവരാണ് മരണക്കയത്തിലാണ്ടത്. കാലിൽ പറ്റിയ ചെളികഴുകാൻ ഇറങ്ങി വെള്ളത്തിൽ വീണു മരിച്ചവരുമുണ്ട്. ഒപ്പമുള്ളവർ കാൽ വഴുതി വെള്ളത്തിൽ വീഴുമ്പോൾ നീന്താൻ അറിയാതെ വീണ്ടു വിചാരമില്ലാതെ രക്ഷിക്കാനായി ചാടി സ്വയം അപകടം ക്ഷണിച്ചുവരുത്തിയവരാണ് ഏറെയും. അപകട മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമായി.

കഞ്ചാവ് മയക്കു മരുന്നു വില്പന ജില്ലയിൽ വർദ്ധിച്ചുവെന്നാണ് കേസുകളുടെ എണ്ണം തെളിയിക്കുന്നത്. സ്റ്റുഡന്റ് പൊലീസ് നിർവീര്യമായതും കേസുകൾ വർദ്ധിക്കാൻ കാരണമായി. ഇടുക്കി,ആലപ്പുഴ ജില്ലകളുടെ പ്രവേശന കവാടമായ ചങ്ങനാശേരിയിൽ മാത്രം നൂറിലേറെ കഞ്ചാവുകേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിദ്യാർത്ഥികൾ പണത്തിനായി കഞ്ചാവ് ,മയക്കമരുന്ന് കൈമാറ്റക്കാരായി പ്രവർത്തിച്ച കേസുകൾ നിരവധിയാണ്. ക്വട്ടേഷൻ സംഘങ്ങൾ ജില്ലയിൽ തഴച്ചു വളർന്ന വർഷമായിരുന്നു 2019. ഇവർ പരസ്പരം ഏറ്റുമുട്ടിയ നിരവധി സംഭവങ്ങൾ ഉണ്ടായി. പോക്സോ കേസുകളും ജില്ലയിൽ കൂടി. ഏറ്റുമാനൂരിൽ പട്ടികവിഭാഗങ്ങൾക്കായുള്ള സ്കൂളിലെ ഒരദ്ധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച് ജയിലിലായതും കൂട്ടത്തോടെ കുട്ടികൾ സ്കൂൾ വിട്ടുപോയതും ചർച്ചാവിഷയമായി.