മറ്റക്കര: മറ്റക്കര എൻ.എസ്.എസ് കരയോഗത്തിന്റെ നവതി സമ്മേളനം എൻ.എസ്.എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എൻ. രഘുനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ മറ്റക്കര ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ 90 വർഷങ്ങളിൽ കരയോഗം കൈവരിച്ച സാമൂഹിക സാംസ്‌കാരിക നേട്ടങ്ങളെക്കുറിച്ച് സെക്രട്ടറി ആർ. വേണുഗോപാൽ വിശദീകരിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ കം ഓഡിറ്റ് ചെയർമാർ ബി. രാധാകൃഷ്ണമേനോൻ കരയോഗത്തിലെ മുതിർന്ന അംഗങ്ങളേയും, കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി എ.എം. രാധാകൃഷ്ണൻ നായർ കരയോഗം മുൻ പ്രസിഡന്റുമാരെയും പൊന്നാടയണിയിച്ച് ആദരിച്ചു. നവതി സമ്മേളന ഹാളിലേക്ക് മറ്റക്കര എച്ച്.എസ്.എസ് ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടേയും കരകാട്ടത്തിന്റേയും അകമ്പടിയോടെ മഹാറാലി നടന്നു. സുരേഷ് കുറുപ്പ് എം.എൽ.എ, കോട്ടയം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി. മധു, കോട്ടയം വനിതാ യൂണിയൻ പ്രസിഡന്റ് വത്സ ആർ. നായർ, അകലക്കുന്നം ഗ്രാമ പഞ്ചായത്ത് അംഗം മാത്യു മീമ്പുഴയ്ക്കൽ, കെ.കെ. രാമചന്ദ്രൻ നായർ, മധുസൂദനൻ നായർ, പി.എൻ. രവീന്ദ്രൻ നായർ, സിന്ധു അനിൽകുമാർ എന്നിവർ സംസാരിച്ചു. നവതി ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടേയും കലാപരിപാടികൾ, നാടകം എന്നിവയുമുണ്ടായിരുന്നു.