പാലാ: നിർഭയ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'സധൈര്യം മുന്നോട്ട്" എന്ന മുദ്രാവാക്യമുയർത്തി പാലായിൽ വനിതകളുടെ രാത്രി നടപ്പ്. പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനികിന്റെ നേതൃത്വത്തിൽ ഒട്ടേറെ വനിതകൾ പരിപാടിയിൽ പങ്കെടുത്തു. രാത്രി പതിനൊന്നരയോടെ രാത്രി നടപ്പിനായി വനിതകൾ തയ്യാറായി. ചെയർപേഴ്‌സൺ മേരി ഡൊമിനിക്, പ്രൊഫ. സെലിൻ റോയി തകിടിയേൽ, മിനി പ്രിൻസ്, ജിജി ജോണി, സിജി പ്രസാദ്, ലിസ്യൂ ജോസ് തുടങ്ങിയ വനിതാ കൗൺസിലർമാർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. മൂന്നംഗങ്ങൾ ഉള്ള ഒരു ബാച്ചായാണ് വനിതകളുടെ രാത്രി നടപ്പ് ക്രമീകരിച്ചത്. ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ചെത്തിമറ്റം ഭാഗത്തേക്കും ലിസ്യൂ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഞൊണ്ടിമാക്കൽ കവലയിലേക്കുമാണ് പോയത്.
സെലിൻ റോയിയുടെ നേതൃത്വത്തിലുള്ള സംഘം മുണ്ടുപാലത്തേക്ക് പോയി. മിനി പ്രിൻസിന്റെ നേതൃത്വത്തിലുള്ള സംഘംആർ.വി പാർക്കിലേക്കും നീങ്ങി. മുരിക്കുംപുഴ, മുണ്ടുപാലം, സെന്റ് തോമസ് കോളേജ്, പുത്തൻപള്ളി, ചെത്തിമറ്റം എന്നിവിടങ്ങളിലേക്കാണ് വനിതകൾ നടന്നത്. സിവിൽ സർവീസിന് പഠിക്കുന്ന പെൺകുട്ടികൾ വളരെ ആവേശത്തോടെ തന്നെ ഹോസ്റ്റലിൽ നിന്നുമെത്തി രാത്രി നടത്തത്തിൽ പങ്കാളികളായത് മുതിർന്നവരിലും ആവേശമുയർത്തി. എല്ലാ സംഘങ്ങളും ഒരു മണിക്കൂറിനുള്ളിൽ തിരിച്ചെത്തി. തുടക്കം മുതൽ അവസാനം വരെ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസിസും, കൗൺസിലർമാരായ പ്രസാദ് പെരുമ്പള്ളിയും, പി.കെ. മധു പാറയിലും മുൻസിപ്പൽ ഓഫീസ് പരിസരത്തുണ്ടായിരുന്നു.