കോട്ടയം : ഹരിതകേരളം മിഷന്റെ ഭാഗമായി ജൈവ-അജൈവ മാലിന്യ സംസ്‌കരണത്തിൽ പുതുമാതൃക സൃഷ്ടിച്ച് കോട്ടയം മെഡിക്കൽ കോളേജ്. മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വിപുലമായ സംവിധാനമാണ് ഇവിടെ വിജയകരമായി പ്രവർത്തിക്കുന്നത്. വാർഡുകളിൽ ക്രമീകരിച്ചിട്ടുള്ള പച്ച നിറത്തിലുള്ള കവറുകളിലാണ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്. ദിനം പ്രതി ഇത്തരം 450ലധികം കവറുകളുണ്ടാകും. ഇവയിലെ മാലിന്യങ്ങൾ തരംതിരിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനായി പതിനഞ്ചു ലക്ഷം രൂപ ചെലവിട്ട് സംസ്‌കരണ പ്ലാന്റ് ഒരുക്കി.
സംസ്‌കരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. 17 കുടുംബശ്രീ പ്രവർത്തകരാണ് അജൈവ മാലിന്യസംസ്കരണ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. പ്ലാസ്റ്റിക് പൊടിക്കാനുള്ള ബെയ്‌ലിംഗ് യന്ത്രം സ്ഥാപിക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. ആശുപത്രി വികസന സമിതിയാണ് ചെലവ് വഹിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്.
തുമ്പൂർമൂഴി മോഡൽ ഉടൻ
പൊതിച്ചോർ കെട്ടുന്ന വാഴയിലയും മറ്റു ജൈവമാലിന്യങ്ങളും സംസ്‌കരിക്കുന്നതിനായി തുമ്പൂർമൂഴി മോഡൽ പ്ലാന്റിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കും. നാലു ചേംബറുകളുള്ള രണ്ട് യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നുള്ള വളം കാമ്പസിലെ ശലഭോദ്യാനത്തിൽ ഉപയോഗിക്കും. പ്ലാസ്റ്റിക്ക് നിരോധനത്തോടനുബന്ധിച്ച് വാർഡുകളിൽ ബോധവത്ക്കരണം നടത്തുന്നതിനായി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഹരിതകർമ്മസേനയും പ്രവർത്തിക്കുന്നുണ്ട്.