നായർ സർവീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുത്ത്, സ്വസമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹനന്മയ്ക്കായി ജീവിതാവസാനം വരെ കഠിനാദ്ധ്വാനം ചെയ്ത കർമ്മയോഗിയായിരുന്നു മന്നത്തുപത്മനാഭൻ. തന്റെ കർമ്മപഥത്തിലൂടെ സഞ്ചരിക്കാൻ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനൻ സാമൂഹ്യ-സാംസ്കാരിക -വിദ്യാഭ്യാസമേഖലകളിൽ വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങൾ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. സമുദായ താത്പര്യത്തിനൊപ്പം ഈശ്വരവിശ്വാസവും ജനാധിപത്യവും മതേതരത്വവും രാജ്യതാത്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യയങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്കർത്താവുമായിരുന്നു. കർമ്മപ്രഭാവത്താൽ, ശൂന്യതയിൽനിന്നും അദ്ഭുതങ്ങൾ സൃഷ്ടിച്ച അവതാരപുരുഷനും സാധാരണക്കാരിൽ സാധാരണക്കാരനുമായിരുന്ന മന്നത്തുപത്മനാഭന്റെ നിലപാടുകൾക്കും കാലാതീതമായ ദർശനങ്ങൾക്കും പ്രസക്തിയും പ്രശസ്തിയും വർദ്ധിക്കുകയാണ്. അദ്ദേഹത്തിന്റെ 143-ാമത് ജയന്തി നാളെ ആഘോഷിക്കുകയാണ്. മഹാത്മാവിനോടുള്ള ആദരവും പ്രണാമവും അർപ്പിക്കാനും ഒരു നൂറ്റാണ്ടിലേറെക്കാലം പിന്നിട്ട നായർ സർവീസ് സൊസൈറ്റിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ജനസഹസ്രങ്ങൾ പങ്കെടുക്കുന്ന ആഘോഷമാണിത്.
കർമ്മയോഗിയായ മന്നത്തു പത്മനാഭന്റെ ഓരോ ജന്മദിനവും അദ്ദേഹം പടുത്തുയർത്തിയ മഹത്തായ നായർ സർവീസ് സൊസൈറ്റിയുടെ വളർച്ചയിലേക്കുള്ള പടവുകളാണ്. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമനഇല്ലത്ത് ഈശ്വരൻനമ്പൂതിരിയുടെയും പുത്രനായി 1878 ജനുവരി രണ്ടിനാണ് അദ്ദേഹം ജനിച്ചത്. സർക്കാർ കീഴ്ജീവന പരീക്ഷ വിജയിച്ച ശേഷം കാഞ്ഞിരപ്പള്ളിയിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചു. താമസിയാതെ മാതൃകാദ്ധ്യാപകൻ എന്ന പേര് സമ്പാദിച്ചു. പിന്നീട് പല സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഥമാദ്ധ്യാപകനായി ജോലി നോക്കി. 27-ാമത്തെ വയസിൽ മിഡിൽസ്കൂൾ അദ്ധ്യാപകനായിരിക്കുമ്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയിൽ പ്രതിഷേധിച്ച് ജോലി രാജിവച്ചു.
ഇതിനു മുമ്പ് മജിസ്ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. വൈകാതെ അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടർന്ന് പെരുന്ന കരയോഗം ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർസമാജ രൂപീകരണം, നായർഭൃത്യജനസംഘപ്രവർത്തനാരംഭം - ഇങ്ങനെ ഒന്നിനു പിറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവർത്തനമണ്ഡലം വിപുലമായി. 1914 ഒക്ടോബർ 31ന് നായർസമുദായഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കി പ്രവർത്തനങ്ങൾ ഊർജിതമാക്കി. സൊസൈറ്റിയുടെ ആദ്യസെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1924-ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'സവർണജാഥ', ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും, പ്രക്ഷോഭണ വൈദഗ്ദ്ധ്യത്തെയും വെളിപ്പെടുത്തുന്നവയാണ്. അവർണരുടെ ക്ഷേത്രപ്രവേശനത്തിന് വേണ്ടി, ക്ഷേത്രപ്രവേശന വിളംബരത്തിന് 20 വർഷങ്ങൾക്ക് മുമ്പുതന്നെ, തന്റെ പരദേവതയായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു കൊടുത്ത മഹാസംഭവം യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു.
1914 ഒക്ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947-ൽ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസിനും, ഉത്തരവാദഭരണ പ്രക്ഷോഭണത്തിനും നേതൃത്വം നല്കി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. പ്രായപൂർത്തി വോട്ടവകാശ പ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽ നിന്നു വിജയിച്ച് നിയമസഭാസാമാജികനായി. 1949 ആഗസ്റ്റിൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റുമായി. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് സ്വന്തമായിരുന്നു. സുദീർഘവും കർമ്മനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട സമുദായം 1960-ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽ നിന്നു യാത്ര പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിദ്ധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും ക്ഷേത്രമാതൃകയിൽതന്നെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു.
ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽ നിന്നുമാണ്. സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർസമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, ഗുണഭോക്താക്കൾ നാനാജാതിമതസ്ഥരാണെന്ന വസ്തുതയെ അംഗീകരിച്ച് 1966ൽ ഇന്ത്യാ ഗവൺമെന്റ് പത്മഭൂഷൺ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു. വൈകിയാണെങ്കിലും, 2014ൽ സംസ്ഥാന ഗവൺമെന്റ് അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതുഅവധിയായി പ്രഖ്യാപിച്ച് ആദരവ് പ്രകടിപ്പിച്ചു. നായർ സമുദായത്തിന്റെ ഐക്യത്തിനും സർവീസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും, വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങൾ തന്നെയാണ് സംഘടനയുടെ ശക്തിയും ചൈതന്യവും.