കറുകച്ചാൽ: നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തെ കച്ചവടമേഖലയെ തകർത്തെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി കങ്ങഴ യൂണിറ്റ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പത്തനാട് ദേവീക്ഷേത്ര മൈതാനത്ത് നടത്തിയ സമ്മേളനം എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കങ്ങഴ യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കാനം രാജേന്ദ്രൻ, കോട്ടയം നസീർ, മനോജ് കെ.ദാസ്, ഫാ.സെബാസ്റ്റ്യൻ പുന്നശേരി, സോജി വർഗീസ്, ആഷിഖ് അലിഖാൻ, അഭിലാഷ് കെ.എസ്., നിസി റെയ്ച്ചൽ മാത്യു തുടങ്ങി വിവിധ മേഖലയിലെ പ്രതിഭകളെ ആദരിച്ചു. ചികിത്സാ സഹായ വിതരണം ഫാ.സെബാസ്റ്റ്യൻ പുന്നശേരിയും, വിദ്യാഭ്യാസ അവാർഡ് വിതരണം കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപും നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കങ്ങഴ യൂണിറ്റിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി നിർവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൾകരീം പുളിക്കൽ, ഖജാൻജി സ്‌കറിയാകുട്ടി വയലാപ്പറമ്പിൽ, സംസ്ഥാന കൗൺസിലർ മുഹമ്മദ് സഗീർ വേട്ടമല, സുരേഷ്‌കുമാർ താന്നിക്കൽ, റിയാസ് കാസിനോ എന്നിവർ പങ്കെടുത്തു.