കോട്ടയം : ഗൃഹപ്രവേശ ചടങ്ങിന് ഭക്ഷണം വിളമ്പിയ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും സ്ഥാപനത്തിന്റെ വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ ) ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. കാഞ്ഞിരത്താനം എലിവാലിൽ കിഴക്കേകൂറ്റിൽ വിപിന്റെ ഗൃഹപ്രവേശ ചടങ്ങിനിടെയാണ് ഭക്ഷണം വിളമ്പിയിരുന്ന കോതനെല്ലൂർ ഡിലേഷിയ കാറ്ററിംഗ് സ്ഥാപന ഉടമ ജോസഫ് മാത്യു (53 ),​ സഹോദരനും മാനേജരുമായ ഫ്രാൻസിസ് മാത്യു (49 ) ജീവനക്കാരായ ജോൺസൺ (32), ശ്രീഹരി(19) എന്നിവരെയാണ് മദ്യപിച്ചെത്തിയ 20 അംഗ സംഘം ആക്രമിച്ചത്. ഫ്രാൻസിസ് മാത്യുവിന്റേയും,മാനേജറുടേയും കാറുകൾ, ഭക്ഷണം കൊണ്ട് വന്ന ഒരു ടെമ്പോ ട്രാവലർ,ഒരു എയ്‌സ് എന്നിവയും തകർത്തു. കൂടാതെ ഭക്ഷണ വിതരണത്തിന് ഉപയോഗിച്ചിരുന്ന നിരവധി പാത്രങ്ങളും, പ്ലേറ്റുകളും തകർത്തു. രാത്രി 10.30 വരെ ഭക്ഷണം വിതരണം ചെയ്യാനായിരുന്നു കരാർ. 10.45 ന് വീട്ടുകാരുടെ അനുവാദത്തോടെയാണ് ഭക്ഷണ വിതരണം അവസാനിപ്പിച്ച് ഫുഡ് കൗണ്ടറുകൾ അഴിച്ചെടുത്തത്. ഈ സമയത്താണ് 20 അംഗ മദ്യപസംഘം ഭക്ഷണം ആവശ്യപ്പെട്ട് ആക്രമണം അഴിച്ചുവിട്ടത്.