പാലാ: പാലായ്ക്കാണ് പ്രഥമ പരിഗണനയെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള പാലാക്കാരുടെ നല്ല മനസാണ് ഷാളും പൂച്ചെണ്ടും ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തിന് ലഭിച്ച പിന്തുണയെന്നും മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. പൂച്ചെണ്ടുകൾക്കു പകരം പഠനോപകരണങ്ങൾ സ്വീകരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളജ് ബി.എസ്.സി ഫിസിക്‌സ് ആലുംനി മീറ്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിർദ്ധനരായ വിദ്യാർത്ഥികൾക്കു സഹായമായിട്ടല്ല, സമ്മാനമായിട്ടാണ് പഠനോപകരണങ്ങൾ സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.ജി. അനിൽ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം.എം. ജോർജ്, കുര്യാച്ചൻ, ഡോ ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ, ഡിജോ കാപ്പൻ, അലക്‌സ് മേനാംപറമ്പിൽ, ഷാജി തോമസ്, രാജു ടി.കെ., ജോഷി വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ആലുംനി അംഗവും എൻടാബ് ചെയർമാനുമായ ഷാജി തോമസിനെ മാണി സി. കാപ്പൻ ചടങ്ങിൽ ആദരിച്ചു. പഠനോപകരണങ്ങൾ രാജു ടി.കെയിൽനിന്നും മാണി സി. കാപ്പൻ ഏറ്റുവാങ്ങി.