പാലാ: ഭഗവദ് പാദത്തിൽ സമർപ്പിക്കാൻ കാണിപ്പൊന്നുമായി മീനച്ചിൽ യൂണിയനിലെ ശ്രീനാരായണീയർ ശിവഗിരിക്കുന്നിലെത്തി. ഡിസംബർ 25ന് ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രസന്നിധിയിൽ നിന്നും മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് നൂറോളം പേർ പദയാത്ര തുടങ്ങിയത്. യൂണിയനു കീഴിലെ പന്തീരായിരത്തോളം അംഗ വീടുകളിൽ നിന്നും സമർപ്പിച്ച കാണിപ്പൊന്നും ഏറ്റു വാങ്ങി യാത്ര തുടങ്ങിയ പദയാത്രികർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് ഇന്നലെ ശിവഗിരിയിലെത്തിയത്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ, യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി, സ്വാമി ധർമ്മചൈതന്യ എന്നിവർ ചേർന്ന് പദയാത്രാംഗങ്ങളെ സ്വീകരിച്ചു. ശിവഗിരി മഠത്തിനു വേണ്ടി സ്വാമി ജ്ഞാനചൈതന്യ പദയാത്രികരെ സ്വീകരിച്ചു. ഇടപ്പാടിയിൽ നിന്നു കൊണ്ടുപോയ കാണിപ്പൊന്നിനൊപ്പം വഴി നീളെ ലഭിച്ച സംഭാവനകളും ചേർത്ത തുക മഹാ സമാധിയിൽ അഡ്വ. കെ. എം. സന്തോഷ് കുമാർ ഉൾപ്പെടെയുള്ള പദയാത്രാ നേതാക്കൾ ചേർന്ന് സമർപ്പിച്ചു. പദയാത്രികർക്ക് ഗുരുദേവക്ഷേത്രത്തിൽ നിന്നും വിശേഷാൽ പ്രസാദങ്ങളും മറ്റും വിതരണം ചെയ്തു.