കോട്ടയം: കഴിഞ്ഞ സാമ്പത്തികവർഷം റോഡ് നിർമ്മാണത്തിനായി ജില്ലയിൽ ഗ്രീൻ കേരള കമ്പനി നൽകിയത് 40 ടൺ ഷെർഡഡ് പ്ലാസ്റ്റിക്ക്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനുമാണ് പ്ലാസ്റ്റിക് നൽകിയത്. സംസ്ഥാനത്ത് ഷെർഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ചതിൽ ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഈ വർഷവും പരമാവധി പ്ലാസ്റ്റിക് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യം. ഇതിനായി പൊതുമരാമത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അസി. എഞ്ചിനീയർമാർ, ഓവർസിയർമാർ എന്നിവർക്ക് കിലയുടെ നേതൃത്വത്തിൽ ഉടൻ പരിശീലനം നൽകും. ജില്ലയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻ കേരളാ കമ്പനി പ്രവർത്തനം വിപുലപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്.
പുനചംക്രമണത്തിന് അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക് യന്ത്രസഹായത്താൽ അരിഞ്ഞാണ് റോഡ് ടാറിംഗിന് വേണ്ടി നൽകുന്നത്. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാമ്പാടി, പള്ളം, ഉഴവൂർ, ളാലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും തൃക്കൊടിത്താനം, ഞീഴൂർ പഞ്ചായത്തുകളിലും വൈക്കം, കോട്ടയം, ചങ്ങനാശേരി, ഈരാറ്റുപേട്ട, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും പ്ലാസ്റ്റിക്ക് ഷെർഡിംഗ് ബെയിലിംഗ് യൂണിറ്റ് സജ്ജമായിട്ടുണ്ട്.