കോട്ടയം : ചാൻസലർ ട്രോഫി രണ്ടു തവണ നേടി അക്കാദമിക്ക് രംഗത്ത് കേരളത്തിലെ ഇതര സർവകലാശാലകളിലും മികവ് കാട്ടി മാതൃകയായ എം.ജി സർവകലാശാല മാർക്കുദാന വിവാദത്തിലൂടെ ഏറെ പേരു ദോഷം കേൾപ്പിച്ച വർഷമായിരുന്നു 2019. എന്തിന് ഇങ്ങനെയൊരു സർവകലാശാല എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിപ്പിക്കുന്ന ഗതികേടിൽ എത്തിനിൽക്കുകയാണ് മഹാത്മാവിന്റെ പേരുള്ള സർവകലാശാല പുതുവർഷത്തിൽ. ഒരു വിദ്യാർത്ഥിയെ സഹായിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയടെ സെക്രട്ടറി വഴിവിട്ട ഇടപെടൽ നടത്തിയതിന് സർവകലാശാല കൂട്ടു നിന്നതായിരുന്നു മാർക്കുദാന വിവാദത്തിന് കരണം. ഒരാൾക്ക് ഒരു മാർക്ക് കൂട്ടിയിടുന്നത് വിവാദമാകാതിരിക്കാൻ ബി.ടെക് സപ്ലിമെന്ററി പരീക്ഷയുടെ ഒരു പേപ്പർ തോറ്റവർക്ക് അഞ്ചു മാർക്ക് ദാനം ചെയ്തു. വഴിവിട്ട ഇടപാട് വഴി 118 പേരാണ് ജയിച്ചു ഡിഗ്രി സർട്ടിഫിക്കറ്റും വാങ്ങി ഉപരിപഠനവും ജോലിയും നേടിയത്. മാർക്കു ദാനം വിവാദമായതോടെ 118 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലത്ത അധികാരമുപയോഗിച്ച് സിൻഡിക്കേറ്റ് റദ്ദാക്കി. ഇതെല്ലാം ചട്ടം ലംഘിച്ചെന്നാരോപിച്ച് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു .ഡിഗ്രി സട്ടിഫിക്കറ്റ് റദ്ദാക്കിയ വിഷയത്തിൽ ചാൻസലർ ഇടപെട്ടു.പരാതി നൽകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതോടെ തലയൂരാൻ പരാതികൾ നേരിട്ട് ചാൻസലറെ അറിയിക്കാമെന്ന് ഉത്തരവിറക്കി സർവകലാശാല വിദ്യാർത്ഥികൾക്ക് മെമ്മോയും നൽകി.

ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷ എഴുതി ബി.ടെക് പാസായ രണ്ട് വിദ്യാർത്ഥികളെയും മാർക്കുദാന വിവാദ ലിസ്റ്റിൽ സർവകലാശാല അബദ്ധത്തിൽ ഉൾപ്പെടുത്തിയതാണ് പുതിയ വിവാദം. എണ്ണമെടുത്തപ്പോൾ ഉദ്യോഗസ്ഥർക്കു തെറ്റു പറ്റിയെന്നായിരുന്നു വിശദീകരണം. ശരിയായ രീതിയിൽ ജയിച്ച ഇവരോടും ബിരുദ സർട്ടിഫിക്കറ്റ് തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. ഉപരിപഠന,​ ജോലി സാദ്ധ്യതകളിൽ നിന്നും നോർക്ക രജിസ്ടേഷനിലും ഉൾപ്പെടെ പുറത്തായ ഇവർ സർവകലാശാലക്കെതിരെ മാനനഷ്ടക്കേസും നൽകി. സംഭവത്തിൽ ജോയിന്റ് രജിസ്ടാർ ഉൾപ്പെടെ രണ്ട് പേരെ സസ്പെൻഡ് ചെയ്തു. മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ പരീക്ഷാ വിഭാഗത്തിൽ നിന്ന് മാറ്റി. പന്തിപ്പോൾ കോടതിയുടെയും ചാൻസലറുടെയും കോർട്ടിലാണ്. വിദ്യാർത്ഥികൾക്കനുകൂലമായ നിലപാട് ഉണ്ടായാൽ സർവകലാശാല ഇനിയും നാറും. റദ്ദാക്കിയ ബിരുദസർട്ടിഫിക്കറ്റ് തിരിച്ച് നൽകേണ്ടി വരും.