ഇത്തിത്താനം: പ്ലാസ്റ്റിക്ക് നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാൻ വിപുലമായ ബോധവത്ക്കരണ പരിപാടികളും കർമ്മ പദ്ധതികളും ഊർജ്ജിതമാക്കി ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ. പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ എല്ലാ കുട്ടികളേയും തുണി സഞ്ചി നിർമാണം പരിശീലിപ്പിക്കും.
പദ്ധതിക്ക് ഇന്നലെ തുടക്കമായി. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ആവശ്യമായ തുണിസഞ്ചികൾ സ്‌കൂളിൽ തന്നെ നിർമ്മിക്കാനാണ് സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ തീരുമാനം. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണി സഞ്ചി വിതരണം ചെയ്തു. തുണി സഞ്ചി നിർമ്മാണത്തിന്റെ ഒന്നാം ഘട്ട പരിശീലനം സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂസി ജോസഫിന് തുണി സഞ്ചി നൽകി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൗട്ട് മാസ്റ്റർ ഋഷികേശ് പ്രോജക്ട് വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ്സ് കെ.കെ. മായ, പി.ടി.എ പ്രസിഡന്റ് വി.ജി. ശിവൻകുട്ടി നായർ, സ്‌കൗട്ട് അദ്ധ്യാപിക നിത ആർ. നായർ, ഗൈഡ് അദ്ധ്യാപിക ശ്രീവിദ്യ എ.ഡി, ഗൈഡ് ക്യാപ്ടൻ ശ്രുതി പി.എസ്. എന്നിവർ പങ്കെടുത്തു.