മരങ്ങാട്ടുപിള്ളി: ജീവിത ശൈലീ രോഗങ്ങൾ അലട്ടുന്നവർക്ക് പരിശോധനാ സംവിധാനം വീട്ടിലെത്തും. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന സാന്ത്വനം ആരോഗ്യ പരിപാലന പദ്ധതിയാണ് യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ആശ്വാസമാകുന്നത്. പഞ്ചായത്തിലെ ആദ്യ സാന്ത്വനം മൊബൈൽ യൂണിറ്റിൽ കുടുംബശ്രീയിലെ രണ്ട് അംഗങ്ങളെയാണ് വോളന്റിയർമാരായി നിയോഗിച്ചിട്ടുള്ളത്. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ പഞ്ചായത്തിലെ 14 വാർഡുകളിലും ഇവരുടെ സേവനം ലഭ്യമാണ്. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ, ശരീരഭാരം, ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), തുടങ്ങിയവയാണ് പരിശോധിക്കുന്നത്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്ന പദ്ധതിയിൽ പ്രാഥമിക ചികിത്സയും ലഭ്യമാണ്.
ഒരാഴ്ച പിന്നിടുമ്പോൾ സാന്ത്വനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന വ്യക്തിഗത സൂക്ഷ്മ സംരംഭങ്ങളാണ് സാന്ത്വനം യൂണിറ്റുകൾ. ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ (ഹാപ്) എന്ന സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുന്നത്. സാന്ത്വനം വോളന്റിയർമാർക്ക് കുടുംബശ്രീ മിഷന്റെയും ഹാപ്പിന്റെയും നേതൃത്വത്തിൽ പരിശീലനവും നൽകിയിരുന്നു.
വോളന്റിയർമാർക്ക് യാത്രാ സൗകര്യത്തിനായി ഇരുചക്ര വാഹനത്തിനും ബി.പി.അപ്പാരറ്റസ്, കൊളസ്‌ട്രോൾ മീറ്റർ, ബോഡി ഫാറ്റ് മോണിട്ടർ, ഷുഗർ മീറ്റർ, വെയ്റ്റ് മെഷീൻ എന്നിവയടക്കമുള്ള മെഷീനുകൾ വാങ്ങുന്നതിനും കുടുംബശ്രീ മുഖേന ബാങ്ക് വായ്പ അനുവദിച്ചിട്ടുണ്ട്.