കോട്ടയം : ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്‌സിനേഷനായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൗകര്യം ഏർപ്പെടുത്തും. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് അടുത്ത ഹജ്ജ് മുതൽ ഇവിടെ വാക്‌സിനേഷൻ കേന്ദ്രം സജ്ജമാക്കാൻ നടപടി സ്വീകരിച്ചതായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മിഷൻ സിറ്റിംഗിൽ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാഞ്ഞിരപ്പള്ളി സ്വദേശി എച്ച്. അബ്ദുൾ അസീസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നിർദ്ദേശം. ജില്ലയിൽ നിലവിൽ കോട്ടയം ജനറൽ ആശുപത്രിയിൽ മാത്രമാണ് ഹജ്ജ് വാക്‌സിനേഷന് സൗകര്യമുള്ളത്. ഓരോ വർഷവും ശരാശരി 150 മുതൽ 170 വരെ ആളുകളാണ് ഇവിടെ എത്താറുള്ളത്. കമ്മിഷൻ അംഗം അഡ്വ.ബിന്ദു എം.തോമസിന്റെ നേതൃത്വത്തിൽ നടന്ന സിറ്റിംഗിൽ 17 അപേക്ഷകളാണ് പരിഗണിച്ചത്. 10 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു. ജില്ലയിലെ അടുത്ത സിറ്റിംഗ് ഫെബ്രുവരി 18 ന് നടക്കും.