കോട്ടയം: സംസ്ഥാനത്തെ ആദ്യ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമായി കുമരകത്തെ മാറ്റുന്നു. ഉത്തരവാദിത്ത ടൂറിസം മിഷനും കേരള ട്രാവൽമാർട്ട് സൊസൈറ്റിയും ചേംബർ ഒഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സും, കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകൾ, ഹൗസ് ബോട്ട് ഓണേഴ്‌സ് സൊസൈറ്റി, മോട്ടോർ ബോട്ട് ആൻഡ് ശിക്കാര യൂണിയനും ചേർന്ന് ആരംഭിച്ച പ്ലാസ്റ്റിക് ഫ്രീ കുമരകം ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി കുമരകത്തെ 50 ടൂറിസം അക്കോമഡേഷൻ യൂണിറ്റുകൾ ഇന്നു മുതൽ പ്ലാസ്റ്റിക് വിമുക്തമാക്കും. ശിക്കാരകളും മോട്ടോർ ബോട്ടുകളും ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കുമരകത്തെ ആദ്യ സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമായി ജനുവരിയിൽ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ. 50 അക്കോമഡേഷൻ യൂണിറ്റുകളിലായി 500 റൂമുകൾ പ്ലാസ്റ്റിക് വിമുക്തമാക്കി. 2021 ൽ കുമരകം ടൂറിസം കേന്ദ്രത്തിന് ഗ്രീൻ സർട്ടിഫിക്കേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി പ്രവർത്തനം നടത്തുന്നത്.

 19 ഇന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കും

പ്ലാസ്റ്റിക് നിർമ്മിത കാരിബാഗുകൾ, ട്രേ, ഡിസ്‌പോസബിൾ ഗ്ലാസ്, ബോട്ടിലുകൾ, സ്ട്രോ, പ്ലേറ്റുകൾ, കപ്പുകൾ, ക്ലിംഗ് ഫിലിം, തെർമോകോൾ, ബൗൾസ്, ഫ്ലാഗ്‌സ്, ഫുഡ് പാർസലിന് ഉപയോഗിക്കുന്ന ഷീറ്റുകൾ, സ്പൂൺ, ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ പന്നറ്റസ്, ജ്യൂസ് പാക്കറ്റ്‌സ്, പി.വി.സി ഫ്ലെക്‌സ് മെറ്റീരിയൽസ്, പാർസലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൺടയിനറുകൾ എന്നിങ്ങനെ 19 ഇനീ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രമാണ് ഉത്തരവാദിത്ത ടൂറിസം മിഷന് കൈമാറിയത്. കുമരകത്തെ എല്ലാ ഹോട്ടലുകളും റിസോർട്ടുകളും, ഹോം സ്റ്റേകളും പ്രഖ്യാപനത്തിന്റെ ഭാഗമായി. 20 ഹൗസ് ബോട്ടുകളും ധാരണാപത്രത്തിൽ ഒപ്പിട്ടു.