പൂഞ്ഞാർ: ഗ്രാമപഞ്ചായത്തിലെ മറ്റയ്ക്കാട് വാർഡിലെ ചെമ്മരപ്പള്ളി നവകേരള കുടിവെള്ള പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. രണ്ടാം വാർഡിലെ 55 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എസ്.സി കോർപസ് ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപയും പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് 3.75 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ഉൾപ്പെടെ 36.75 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഗാർഹിക കുടിവെള്ള കണക്ഷന് ബി.പി.എൽ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 5000 രൂപ വരെയും പൊതു വിഭാഗത്തിന് 2000 രൂപ വരെയും സബ്‌സിഡി നൽകിയിട്ടുണ്ട്. ചെമ്മരപ്പള്ളികുന്ന്, പാറമട, മാളിയേക്കൽ ഭാഗം, നരിപ്പാറ എന്നീ മേഖലകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഇതേ വാർഡിലെ മൂന്നാമത്തെ കുടിവെള്ള പദ്ധതിയാണിത്. രണ്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. വൈകിട്ട് നാലിന് നരിപ്പാറ വാട്ടർ ടാങ്ക് ഭാഗത്തു നടക്കുന്ന ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ മോഹനൻ നായർ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് തോമസ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം രമേഷ് ബി. വെട്ടിമറ്റം പദ്ധതി വിശദീകരിക്കും.