ചങ്ങനാശേരി : ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാനെത്തിയ യുവാവ് മരിച്ചത് ഹൃദയാഘാതംമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചങ്ങനാശേരി പുല്ലംപ്ലാവിൽ ബേബിച്ചന്റെ മകൻ ജിബിൻ ആന്റണി (32) ആണ് മരിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കറുകയിൽ ലിപ്‌സൺ(19),മുണ്ടയ്ക്കൽ സാം(19), ഇലഞ്ഞിപ്പറമ്പിൽ അനുരൂപ്(20) എന്നിവരെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്തരയോടെ ചങ്ങനാശേരി മാർക്കറ്റിൽ പണ്ടകശാലക്കടവിനടുത്ത് വച്ചായിരുന്നു സംഭവം. ഇരുവിഭാഗം തമ്മിൽ സന്ധ്യമുതൽ തർക്കം നിലനിന്നിരുന്നു. രാത്രി 10.30 ന് തർക്കം രൂക്ഷമാകുകയും

സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇവരെ പിടിച്ചുമാറ്റാനെത്തിയ ജിബിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിദേശത്തു നിന്ന് അവധിക്കു നാട്ടിലെത്തിയ ജിബിൻ അടുത്തയാഴ്ച തിരികെ പോകാനിരിക്കെയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് 3 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ.