കോട്ടയം: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനമുള്ള തിരുനക്കര മൈതാനം വീണ്ടും സാമൂഹ്യവിരുദ്ധരുടെ കൈയ്യാങ്കളിയാൽ കളങ്കിതമാകുന്നു. അക്ഷരനഗരയുടെ അരക്ഷിതത്വത്തിന്റെ തലസ്ഥാനമായി ഇവിടം മാറുകയാണ്. ഇന്നലെ പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് അരങ്ങേറിയ കത്തിക്കുത്തും കൊലപാതകവും തിരുനക്കരയിലെ അധോലോക പ്രവർത്തനങ്ങളുടെ പരമ്പരയിലെ അവസാന സംഭവമാണ്. 24 മണിക്കൂറും പൊലീസ് റോന്തു ചുറ്റുന്നതും ഇടതടവില്ലാതെ ജനങ്ങൾ വന്നുപോകുന്നതുമായ സ്ഥലത്താണ് പകൽവെളിച്ചത്തിൽ പോലും അക്രമങ്ങളും കൊലപാതകവും അരങ്ങേറുന്നത്. ഇന്നലെ സന്ധ്യയ്ക്കു കുമരകം സ്വദേശി, തിരുവഞ്ചൂർ സ്വദേശി സുമിത്ത് എന്ന യുവാവിനെയാണ് കുത്തിമലർത്തിയത്. തിരുനക്കര മൈതാനത്തിനകത്ത് ആരംഭിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പട്ടാപ്പകലും മദ്യം- മയക്കുമരുന്ന് - അസാൻമാർഗീക സംഘങ്ങളുടെ സുരക്ഷിത താവളമാണ് തിരുനക്കര. ഇവിടെ തന്നെ കിടന്നുറങ്ങുകയും വ്യവഹരിക്കുകയും ചെയ്യുന്ന അക്രമികൾ പലപ്പോഴും നഗരത്തിലൂടെ കടന്നുപോകുന്ന സാധാരണക്കാർക്കും ശല്യമാകാറുണ്ട്. മുമ്പ് രണ്ടുതവണ ഈ മൈതാനത്ത് സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. യുവാവിന്റെ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞു പരക്കേൽപ്പിച്ചത് മൂന്നു വർഷം മുമ്പാണ്. ആറുമാസം മുമ്പ് ഭിന്നലിംഗക്കാരുമായി ഏറ്റുമുട്ടിയ യുവാവിന് പരിക്കേറ്റ സംഭവവും ഉണ്ടായി. ലൈംഗീകതൊഴിലാളികളുടെ കിടമത്സരം അടിപിടിയിലും അവസാനം കൊലപാതകത്തിലും കലാശിച്ച അധികം പഴക്കമില്ലാത്ത ചരിത്രവും തിരുനക്കരയ്ക്കുണ്ട്. ഇത്രയൊക്കെ നടന്നിട്ടും തിരുനക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ് രാത്രിയിൽ സാമൂഹ്യവിരുദ്ധർക്കുവേണ്ടി ഒഴിഞ്ഞുകൊടുത്ത മട്ടിലാണ്. ഇവിടെ അന്തിയുറങ്ങുന്നവർ ആരൊക്കെയാണൊന്നൊ, അരങ്ങേറുന്നതെന്തൊക്കെയെന്നൊ ആരും തിരിഞ്ഞുനോക്കാറില്ല. ഭിന്നലിംഗക്കാരായ ലൈംഗീകത്തൊഴിലാളികളും തിരുനക്കരയിൽ തമ്പടിക്കുന്നുണ്ട്. അതേസമയം നഗരത്തിൽ എത്തുന്ന യാത്രക്കാരെയും സ്വകാര്യ സ്ഥാപനങ്ങളിലേതുൾപ്പടെ ജോലികഴിഞ്ഞ് മടങ്ങുന്ന ജീവനക്കാരെയും റോഡിൽ തടഞ്ഞുനിറുത്തി ബുദ്ധിമുട്ടിക്കുന്നത് ഹരമായി മാറി. പൊലീസിന് സാമൂഹ്യവിരുദ്ധരെ മാത്രം ഒന്നും ചെയ്യാനാകുന്നില്ല. സന്ധ്യമയങ്ങിയാൽ തിരുനക്കര മൈതാനവും പരിസര പ്രദേശങ്ങളും അനാശാസ്യ സംഘങ്ങളുടെ പിടിയിലാണ്. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച പ്രകാശഗോപുരങ്ങൾ മിഴിപൂട്ടിയിട്ട് കാലമേറെയായതാണ് ഇത്തരക്കാർക്ക് അനുഗ്രഹമാകുന്നത്.