കോട്ടയം : പുതുവർഷത്തലേന്ന് തിരുനക്കര വീണ്ടും കുരുതിക്കളമായി. പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് യുവാവിനെ കുത്തിക്കൊന്നു. ഹോട്ടൽജീവനക്കാരനായ പാറമ്പുഴ മോസ്‌കോക്കവല സ്വദേശി സുമിത്ത് (38 ആണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിവീഴ്ത്തിയ കുമരകം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 6.15നായിരുന്നു സംഭവം. നിരവധി ആളുകൾ നോക്കിനിൽക്കേയാണ് പ്രതി സുമിത്തിനെ കുത്തിവീഴ്ത്തിയത്. സമീപത്തുതന്നെ പൊലീസ് പട്രോളിംഗ് സംഘവുമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ബസ് കണ്ടക്ടറായിരുന്ന കുമരകം സ്വദേശിയും കൊല്ലപ്പെട്ട സുമിത്തും തമ്മിൽ നിലനിന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സുമിത്ത് പതിവായി പരിഹസിച്ചിരുന്നു. ഇതോടൊപ്പം തിരുനക്കര മൈതാനത്ത് കിടന്നുറങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കവും കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
മൈതാനത്ത് പ്രതി സ്ഥിരമായി കിടക്കുന്ന സ്ഥലത്ത് താൻ കിടക്കുമെന്നു പറഞ്ഞ് സുമിത്ത് അവകാശവാദം ഉന്നയിച്ചു. ഇതെച്ചോല്ലി ഇരുവരും തമ്മിൽ അസഭ്യവർഷവും വെല്ലുവിളിയുമുണ്ടായി. പിന്നീട് മൈതാനത്തിന്റെ കവാടത്തിനു സമീപം കാത്തുനിന്ന പ്രതി അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സുമിത്തിനെ കുത്തുകയായിരുന്നു. രണ്ടു കുത്തേറ്റ സുമിത്തിനെ ഓടിയെത്തി പൊലീസുകാർ അഗ്‌നിശമന സേനയുടെ സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സംഭവസ്ഥലത്തു നിന്ന് കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.