thakoldanam-jpg

വൈക്കം: വെള്ളപ്പൊക്കത്തിന്റെ കുത്തൊഴുക്കിൽ വീട് തകർന്ന് അന്തിയുറങ്ങാൻ മാർഗ്ഗമില്ലാതെ വിഷമിച്ച ടി. വി. പുരം ചാണയിൽ ലക്ഷ്മണന്റെ നിർധന കുടുംബത്തിന് സുമനസ്സുകളുടെ കാരുണ്യത്തിൽ വീടൊരുങ്ങി. കഴിഞ്ഞവർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ ലക്ഷ്മണന്റെ മൂന്ന് സെന്റ് പുരയിടത്തിലുണ്ടായിരുന്ന വീടും, ഉപകരണങ്ങളും കുത്തൊഴുക്കിൽ ഒലിച്ചുപോയി. വീട് നിർമ്മിക്കുവാൻ മാർഗ്ഗമില്ലാതെ ലക്ഷ്മണൻ മോളി ദമ്പതികൾ വിഷമിക്കുകയായിരുന്നു. ഏക മകൾ വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു. വിദ്യാർത്ഥിനി ആര്യാമോളുടെ പഠനവും സംരക്ഷണവും പ്രയാസത്തിലായി. തല ചായ്ക്കാൻ ഒരിടം തേടി അലയുമ്പോഴാണ് സുമനസ്സുകളുടെ കാരുണ്യം ഈ നിർധന കുടുംബത്തെ തേടിയെത്തിയത്. ജനമൈത്രി പൊലീസും, ജനമൈത്രി സമിതിയും, ടി. വി. പുരം പഞ്ചായത്തും കൈകോർത്തപ്പോൾ ആര്യാമോളുടെ സംരക്ഷണത്തിനും, പഠനത്തിനുമായി വീടൊരുങ്ങി. മൂന്ന് സെന്റ് ഭൂമിയിൽ എട്ട് ലക്ഷത്തിൽപരം രൂപാ ചെലവിൽ ആവശ്യമായ സൗകര്യങ്ങളോടെ വീട് പണിതുയർപ്പോൾ ജനമൈത്രി പൊലീസിനും, സുമനസ്സുകൾക്കും അത് അഭിമാനത്തിന്റെ നിമിഷമായി. വൈക്കം അസ്സിസ്റ്റന്റ് പൊലീസ് കമ്മീഷണർ അർവിന്ദ് സുകുമാർ വീടിന്റെ താക്കോൽ ആര്യാമോൾക്ക് കൈമാറി. സമ്മേളനം ജില്ലാ പൊലീസ് മേധാവി പി. എസ്. സാബു ഉദ്ഘാടനം ചെയ്തു. വൈക്കം സർക്കിൾ ഇൻസ്‌പെക്ടർ എസ്. പ്രതീപ് അദ്ധ്യക്ഷത വഹിച്ചു. ഗൃഹപ്രവേശനത്തിന്റെ ദീപപ്രകാശനം ചിത്രകാരി ഇന്ദു ചിന്ദ നിർവഹിച്ചു. കോട്ടയം ഡി. വൈ. എസ്. പി. കെ. സുഭാഷ്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദ് പിള്ള, സി. ആർ. ഒ. സി. എ. ബിജുമോൻ, ജനമൈത്രി കോർഡിനേറ്റർ പി. എം. സന്തോഷ് കുമാർ, എം. എസ്. തിരുമേനി, ജീന തോമസ്, ഷീല സുരേഷൻ, സെബാസ്റ്റിയൻ ആന്റണി, ജോർജ്ജ് കൂടല്ലി, ഡി. മനോജ്, കെ. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.