വൈക്കം: ദേവീസ്തുതികളും യജൂർവേദ മന്ത്രധ്വനികളും ആത്മീയ പ്രഭാഷണങ്ങളും ചാത്തൻകുടി ദേവീക്ഷേത്രത്തിലെ കനകധാരായജ്ഞത്തെ ഭക്തിസാന്ദ്രമാക്കി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 10 വേദപണ്ഡിതന്മാരാണ് പുഷ്പദളങ്ങളിൽ വേദങ്ങൾ ജപിച്ച് അർച്ചന നടത്തിയത്. ചൊവ്വാഴ്ച രാവിലെ കനകധാരായജ്ഞത്തോടനുബന്ധിച്ച് കാമ്യകങ്ങളായ ബഹുവിധ യജ്ഞകർമ്മങ്ങൾ നടത്തി. മഹാമൃത്യുഞ്ജയഹോമം പ്രധാന ചടങ്ങായിരുന്നു. തീവ്രജ്വരം, തീവ്രമഹാഭിചാരദോഷം, മ്യത്യുദോഷം, ആയൂർദോഷം എന്നിവയ്ക്ക് പരിഹാരമായാണ് മഹാമൃത്യുഞ്ജയ ഹോമം നടത്തിയത്.
പാടിവട്ടം ദാമോദരൻ നമ്പൂതിരി, പ്രസാദ് ഭട്ടതിരി, മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയകൃഷ്ണൻ നമ്പൂതിരി, അനന്തകൃഷ്ണൻ എമ്പ്രാന്തിരി, സത്യനാരായണൻ എമ്പ്രാന്തിരി എന്നിവരും കാർമ്മികരായിരുന്നു. രാവിലെ നടന്ന കലശപൂജയ്ക്ക് വൈക്കം ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികനായി.