മികച്ച വിളവ് നൽകുന്നതിനൊപ്പം കീടനിയന്ത്രണത്തിനും സഹായകമായ ജൈവ വളങ്ങളാണ് ഫിഷ് അമിനോ ആസിഡ്. വീട്ടിൽത്തന്നെ തയാറാക്കാവുന്നത് എന്ന മേന്മയും ഇവയ്ക്കുണ്ട്..
മികച്ച ജൈവവളവും ജൈവകീടനാശിനിയുമാണ് ഫിഷ് അമിനോ ആസിഡ് . കർഷകർക്ക് വളരെ പ്രിയപ്പെട്ട ഈ മിശ്രിതം വീട്ടിൽത്തന്ന നമുക്ക് തയാറാക്കാം. മത്തിയാണ് ഫിഷ് അമിനോ ആസിഡ് തയാറാക്കാൻ ഏറ്റവും മികച്ച മത്സ്യം . ഒരു കിലോ മത്തിയും ഒരു കിലോ ഉപ്പില്ലാത്ത ശർക്കരയും ഉപയോഗിച്ച് തയാറാക്കാം.
തയാറാക്കുന്ന വിധം
വാൽ ഒഴികെ ബാക്കി ഭാഗമെല്ലാം ചെറിയ കഷ്ണങ്ങളായി മുറിക്കുക ( വാൽ അലിയാൻ സാദ്ധ്യതയില്ലാത്തതിനാലാണ് ഒഴിവാക്കുന്നത് ) . ആദ്യമായി ശർക്കര കുപ്പിയുടെ അടിഭാഗത്ത് ഇടുക . പിന്നീട് ലയറുകളായി മത്തിയും ശർക്കരയും ഇടുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച് കുപ്പിയിൽ നിറച്ചാലും മതിയാകും. കുപ്പിയുടെ മുക്കാൽ ഭാഗം നിറച്ചിരിക്കണം. കുപ്പി വെളിച്ചം അധികം അടിക്കാത്ത സ്ഥലത്തു സൂക്ഷിക്കുക. 10 ദിവസം കൂടുമ്പോൾ കുപ്പി നന്നായി കുലുക്കി കൊടുക്കണം. 40 - 45 ദിവസം കഴിയുമ്പോൾ മീൻ ശർക്കരയിൽ നന്നായി അലിഞ്ഞു ചേർന്നിട്ടുണ്ടാകും. ഇഴ അകലം ഉള്ള തുണിയിൽ മിശ്രിതം അരിച്ചെടുത്തു സൂക്ഷിക്കാം. 5 - 10 മില്ലി മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാവുന്നതാണു. ഇലകളിൽ സ്പ്രേ ചെയ്യാൻ മൂന്ന് മുതൽ അഞ്ച് വരെ മില്ലി മിശ്രിതം ഉപയോഗിക്കാം.
ഫിഷ് അമിനോ ആസിഡിന്റെ പ്രയോജനങ്ങൾ
ഫിഷ് അമിനോ ആസിഡിൽ നൈട്രജന്റെ അളവ് വളരെ കൂടുതലുണ്ട്. ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതും ഇലകളിൽ തളിക്കുന്നതും ഇലകളുടെ കരുത്തുറ്റ വളർച്ചയ്ക്ക് വളരെയധികം സഹായകമാണ്.
ചീര പോലുള്ള ഇലവർഗ വിളകൾക്ക് ഫിഷ് അമിനോ ആസിഡ് ആഴ്ചയിൽ ഒരിക്കൽ തളിച്ചു കൊടുക്കുന്നത് ഇലകളുടെ വളർച്ചക്ക് നല്ലതാണ്.
ഒരു മില്ലി ഒരു ലിറ്ററിൽ എന്ന തോതിൽ ചെടികളുടെ ചുവട്ടിൽ ഇടയ്ക്കിടയ്ക്ക് ഒഴിച്ച് കൊടുക്കുന്നത് മൈക്രോ ഓർഗാനിസങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തും.
അയല ഉപയോഗിച്ചുള്ള ഫിഷ് അമിനോ ആസിഡ് കീടനാശിനിയായി ഉപയോഗിക്കാം. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ ഒരു ലിറ്റർ വെള്ളത്തിന് അഞ്ച് മില്ലി ലിറ്റർ എന്ന തോതിൽ സ്പ്രേ ചെയ്യുക.
ഫിഷ് അമിനോ ആസിഡ് അരിച്ചെടുത്തതിന് ശേഷം ലഭിക്കുന്ന മുള്ളുകളുടെ അവശിഷ്ടത്തിൽ ഓർഗാനിക് വിനാഗിരി ഒഴിച്ച് സൂക്ഷിക്കുക. മുള്ളുകൾ വിനാഗിരിയിൽ അലിഞ്ഞു ചെടികൾക്ക് വളരെ ആവശ്യമുള്ള വെള്ളത്തിൽ അലിയുന്ന കാൽസ്യം ഫോസ്ഫേറ്ര് ആയി മാറും.
ഫിഷ് അമിനോ ആസിഡ് തണുപ്പുള്ള അന്തരീക്ഷത്തിലാണ് സൂക്ഷിക്കേണ്ടത്. 25 ഡിഗ്രി സെൽഷ്യസിൽ ആണ് ഉത്തമം. മുറിയുടെ താപനില കൂടുതലാണെങ്കിൽ കുപ്പി പച്ചവെള്ളത്തിൽ ഇറക്കി വച്ച് സൂക്ഷിക്കുക.
ലാക്ടിക് ആസിഡ് ബാക്ടീരിയ
ലാക്ടിക് ആസിഡ് ബാക്ടീരിയ വളരെ എളുപ്പത്തിൽ നിർമിക്കാവുന്നവും മണ്ണിന് ഫലഭൂയിഷ്ടതയും ചെടികൾക്ക് മികച്ച വിളവും നൽകുന്ന ജൈവവളവമാണ്
തയാറാക്കുന്ന വിധം
തവിട് കളയാത്ത അരി കഴുകിയ വെള്ളം 1 ലിറ്റർ
തിളപ്പിക്കാത്ത പശുവിൻ പാൽ ( നാടൻ പശുവിന്റെ പാൽ കൂടുതൽ ഉത്തമം ) മൂന്ന് ലിറ്റർ
ഉപ്പില്ലാത്ത ശർക്കര ( പതിയൻ ശർക്കര കൂടുതൽ നല്ലത് )
വായ് വിസ്താരമുള്ള ഒരു ഗ്ലാസ് ജാറിൽ എട്ടിഞ്ച് ഉയരത്തിൽ അരിക്കാടി നിറക്കുക. ഗ്ലാസ്സ് ജാർ ഒരു വെള്ള പേപ്പർ ഉപയോഗിച്ചു മൂടിക്കെട്ടുക. ജാർ തണലിൽ 23 - 25 ഡിഗ്രി ചൂടുള്ള സ്ഥലത്തു സൂക്ഷിക്കുന്നതാണ് അഭികാമ്യം. കാടിവെള്ളത്തിന് പുളിച്ച മണം വന്നുതുടങ്ങുമ്പോൾ കാടിയുടെ മൂന്നിരട്ടി പാൽ ചേർക്കുക. പാല് ചേർക്കുന്നതോടു കൂടി ലാബ് വളരെപ്പെട്ടെന്ന് വർദ്ധിക്കുകയും 3 - 4 ദിവസങ്ങൾക്കുള്ളിൽ അടിമട്ടായി വേസ്റ്റും ഏറ്റവും മുകളിൽ സ്റ്റാർച് പ്രോട്ടീൻ മുതലായവയും മധ്യഭാഗത്തായി നമുക്ക് ആവശ്യമുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയയും കിട്ടും. വേസ്റ്റും മുകളിൽ അടിഞ്ഞിട്ടുള്ള പ്രോട്ടീനും നീക്കം ചെയ്തതിനു ശേക്ഷം ലാക്ടിക് ആസിഡ് ബാക്ടീരിയ മറ്റൊരു കുപ്പിയിൽ തണുപ്പുള്ള സ്ഥലത്തോ ഫ്രിഡ്ജിലോ സൂക്ഷിക്കാം.
ലാക്ടിക് ആസിഡ് ബാക്ടീരിയ തനിച്ചു് ഉപയോഗിക്കുന്നതിനേക്കാൾ ഫലപ്രദം പുളിപ്പിച്ച പഴച്ചാറുകളോടൊപ്പം ചേർത്ത് ഉപയോഗിക്കുന്നതാണ്. ഒരു മില്ലി ലാബ് + ഒരു മില്ലി പുളിപ്പിച്ച പഴച്ചാർ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിലും തണ്ടിലും സ്പ്രേ ചെയ്യുക .
ഗുണങ്ങൾ
ചെടികൾ പുഷ്ടിയോടെ വളരുകയും കായ്ക്കുകയും ചെയ്യുന്നു. മണ്ണിൽ ലാബ് തളിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കും. ചെടികളുടെ ഇലകൾക്കും കായ്കൾക്കും വലിപ്പം വർധിപ്പിക്കാൻ ലാബ് സഹായിക്കുന്നു .
മണ്ണിൽ ഒഴിച്ചു കൊടുക്കുന്ന ലാബ് മണ്ണിൽ അലിയാതെ കിടക്കുന്ന ഫോസ്ഫേറ്റുകളെയും മറ്റു ധാതുലവണങ്ങളെയും ചെടികൾക്ക് വലിച്ചെടുക്കാൻ പാകത്തിലാക്കുന്നു. പാകപ്പെടുത്താത്ത കമ്പോസ്റ്റുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന അമോണിയ ഗ്യാസിനെ നിർവീര്യമാക്കി ചെടികളെ സംരക്ഷിക്കുന്നു .