മനസിലുദിച്ച് മനസിലൊടുങ്ങുന്ന ആശയങ്ങളുമായി നിരവധി ചെറുപ്പക്കാർ നമുക്കിടയിലുണ്ട്. ആശയമുണ്ടായിട്ടും അവസരമില്ലാത്തവർ. അവർക്കായി അവസരങ്ങളുടെ ആകാശത്തേക്ക് തുറന്നു പിടിച്ച വാതിലുമായി ഒരു രക്ഷാകർത്താവ്. ഡോ. സജി ഗോപിനാഥ്. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ.
ലോകത്തിലെ ഏറ്റവും മികച്ച പബ്ളിക് സ്റ്റാർട്ടപ് ആക്സിലറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റാർട്ടപ് മിഷൻ 81 രാജ്യങ്ങളിൽ നിന്നുള്ള 364 ആക്സിലറേഷൻ പ്രോഗ്രാമുകളെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. ഡോ. സജി ഗോപിനാഥ് സംസാരിക്കുന്നു.
സാധാരണ സംരംഭങ്ങളിൽ നിന്ന് സ്റ്റാർട്ടപ്പുകൾ എങ്ങനെയാണ് വ്യത്യസ്തമാകുന്നത് ?
നൂതനാശയങ്ങളുള്ളവർക്ക് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ ഏജൻസികളുടെയോ സഹായത്തോടെ തുടങ്ങാവുന്ന സംരംഭങ്ങളാണ് സ്റ്റാർട്ടപ്പുകൾ. പണത്തിന് പുറമേ ടെക്നോളജി, ഐഡിയ മോഡിഫിക്കേഷൻ, മാർക്കറ്റിംഗ് എന്നിവയിലും സഹായം ലഭിക്കും. നൂതനാശയമെന്നത് പ്രോഡക്ട്, പ്രോസസ്, മാർക്കറ്റിംഗ് എന്നിങ്ങനെ ഏതിലുമാകാം. സ്വന്തമായി ടാക്സിയില്ലാതെ യൂബറും ഓലെയും വമ്പൻ ടാക്സിക്കമ്പനികളായില്ലേ. ആസ്തിയുള്ളവരെ സാങ്കേതിക പ്ളാറ്റ്ഫോമിലേക്ക് ഒന്നിച്ചു ചേർക്കുകയായിരുന്നു അവർ.
നൂതന ആശയമായതിനാൽ സ്റ്റാർട്ടപ്പുകൾ പരാജയപ്പെടാനും സാദ്ധ്യതയുണ്ട്. എന്നാൽ പരാജയം സ്റ്റാർട്ടപ്പ് തുടങ്ങുന്നയാളെ തകർത്തു കളയുന്നില്ല. കാരണം ലോണെടുത്തോ കൈയിലുള്ള സമ്പാദ്യം മുടക്കിയോ അല്ല സ്റ്രാർട്ടപ്പ് തുടങ്ങുന്നത്. ഏയ്ഞ്ചൽ ഫണ്ടുകളാണ് അടിത്തറ. ഏയ്ഞ്ചൽ ഇൻവെസ്റ്റർമാർ പരാജയമേറ്റെടുക്കാനും കെൽപ്പുള്ളവരായിരിക്കും. ഒരേസമയം പല കമ്പനികളിൽ അവർ പണം മുടക്കിയിട്ടുണ്ടാകും. നാല് കമ്പനികളിൽ മൂന്നും പരാജയപ്പെട്ടാലും വൻലാഭത്തിലായ ഒന്നിലൂടെ നഷ്ടം നികത്താം. സ്റ്റാർട്ടപ്പുകളുടെ ലക്ഷ്യം വലിയൊരു മാർക്കറ്റാണ്. സാധാരണ സംരംഭത്തിന്റെ വിജയസാദ്ധ്യത 20 ശതമാനമാണെങ്കിൽ സ്റ്റാർട്ടപ്പിൽ 200 ശതമാനമാണ്.
എന്തായിരിക്കണം സ്റ്റാർട്ടപ്പ് തുടങ്ങുന്നയാളുടെ മനോഭാവം ?
മറ്റൊന്നിലും വിജയിക്കാൻ സാദ്ധ്യതയില്ല, എന്നാൽപ്പിന്നെ ഒരു സ്റ്റാർട്ടപ്പ് തുടങ്ങാമെന്ന് കരുതരുത്. നിങ്ങളുടെ ആശയം പണം മുടക്കുന്നവരിൽ ആവേശമുണർത്തണം. മികച്ച ടീമും ഐഡിയ വിജയിച്ചാൽ വലിയൊരു മാർക്കറ്റും ആവശ്യമാണ്. ചെലവ് കുറഞ്ഞ ഇലക്ട്രിക് സൈക്കിളുണ്ടാക്കാൻ ഐഡിയയുണ്ട്. പക്ഷേ പ്രാവർത്തികമാക്കാനുള്ള ജ്ഞാനവും മികച്ച ടീമും ഇല്ലെങ്കിൽ കാര്യമുണ്ടോ. ആശയം മാത്രമേയുള്ളൂ, മേഖലയെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലെങ്കിൽ മികച്ചൊരു ടീമിനെ സജ്ജമാക്കുക. അതാണ് വിജയിക്കാനുള്ള വഴി.
ഗ്ളോബൽ ഇന്നവേഷൻ ഇൻഡക്സ് പട്ടികയനുസരിച്ച് നവീകരണത്തിന്റെ കാര്യത്തിൽ 52-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ആശയദാരിദ്ര്യമാണോ ആശയസമ്പന്നരെ കണ്ടെത്തുന്നതിലെ പരാജയമാണോ കാരണം.?
അഗാധപഠനത്തിന്റ അഭാവമാണ് നമ്മൾ പട്ടികയിൽ പിന്നിലാകാൻ കാരണം. സൂക്ഷ്മനിരീക്ഷണം കുറയുന്നതാണ് ആശയദാരിദ്ര്യമുണ്ടാകാൻ കാരണം. ജർമ്മനി പോലുള്ള രാജ്യങ്ങളിൽ വിഷയത്തക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടാണ് ആളുകൾ ഒരു മേഖലയിലേക്കിറങ്ങുന്നത്.
ആശയസമ്പന്നരായ ചെറുപ്പക്കാർ നേരിടുന്ന വെല്ലുവിളി എന്താണ് ?
മുതൽ മുടക്കിന്റെ പ്രശ്നമുണ്ടെന്നത് സത്യമാണ്. എന്നാൽ പ്ളാറ്റ്ഫോം കണ്ടെത്തുന്നതിൽ വ്യക്തിയുടെ പരാജയമാണ് പ്രധാന വെല്ലുവിളി. ഗവൺമെന്റ് - നോൺ ഗവൺമെന്റ് സ്കീമുകളെക്കുറിച്ച് പലർക്കുമറിയില്ല. ബംഗളൂരു, മുംബയ് പോലുള്ള മഹാനഗരങ്ങളിലെ സ്റ്റാർട്ടപ്പുകൾ വിജയിക്കുന്നത് കൂടുതൽ മിടുക്കന്മാരായതു കൊണ്ടല്ല, എക്സ്പോഷർ കൂടുതലുള്ളതു കൊണ്ടാണ്. അവിടെ ധാരാളം സെമിനാറുകളും ക്ളാസുകളുമൊക്കെ നടക്കുന്നുണ്ട്.
ഒരു മൊബൈൽ ഫോൺ കൈയിലുള്ളയാൾക്ക് ലോകത്ത് എന്ത് നടക്കുന്നു എന്നറിയാൻ പ്രയാസമില്ല. യൂ ടൂബിൽ ഒരു ആശയത്തിന്റെ വീഡിയോ ഇട്ടാൽ ലോകത്തെവിടെ നിന്നും ആളുകൾ നിങ്ങളെ കണ്ടെത്തും. എന്നെ കണ്ടെത്തുകയല്ല, ഞാൻ അവസരങ്ങളെ കണ്ടെത്തുകയാണ് വേണ്ടത്.
കഴിവുള്ള ചെറുപ്പക്കാരെ ഉപയോഗിക്കുന്നതിലുള്ള പരാജയത്തിന് ഒരു കാരണം കൊളോണിയൽ ഭരണം ബാക്കിവച്ച ജീവനോപാധി വിദ്യാഭ്യാസമല്ലേ ?
നാലാം വ്യവസായ വിപ്ളവത്തിന്റെ കാലമാണിത്. മാസ് എഡ്യൂക്കേഷൻ എന്നത് രണ്ടാം വ്യവസായ വിപ്ളവത്തിന്റെ സന്തതിയാണ്. വ്യക്തി ചെറിയൊരു കാര്യം ചെയ്താൽ മതി. അവർക്കത് ജീവനോപാധിയാക്കാമായിരുന്നു പണ്ട്. സത്യത്തിൽ ഇന്ന് വിദ്യാഭ്യാസം മാറി. പണ്ട് ആവശ്യമുള്ളത് കോളേജിൽ പോയി പഠിക്കണം. തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോലെയാണത്. അവർ കാണിക്കുന്നത് കാണുകയേ നിവൃത്തിയുള്ളൂ. എന്നാൽ ഇന്റർനെറ്റ് ലോകത്ത് , എന്ത് കാണണമെന്ന് നമുക്ക് തീരുമാനിക്കാം. വിദ്യാഭ്യാസക്രമവും ആ രീതിയിലായി.
നിങ്ങൾക്കാവശ്യമുള്ളത് ലോകത്ത് എവിടെയുമിരുന്ന് പഠിക്കാം. ലോകത്ത് മുന്തിയ സർവകലാശാലകളിലെ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ ക്ളാസുകളും ലഭിക്കും. ഇന്റർനെറ്റിൽ ഫ്രീ കോഴ്സുകളുണ്ട്. സർട്ടിഫിക്കറ്ര് വേണമെങ്കിൽ മാത്രം ഫീസടച്ചാൽ മതി. കുറഞ്ഞ ഫീസുകളിൽ മികച്ച പഠനമാർഗമൊരുക്കുന്ന മാസീവ് ഓൺലൈൻ ഓപ്പൺ കോഴ്സുകളുടേത് ( മൂക് ) വലിയ സാദ്ധ്യതയാണ്.
സ്റ്റാർട്ടപ് സി.ഇ. ഒ നേരിടുന്ന വെല്ലുവിളികൾ ?
സ്റ്റാർട്ടപ്പിലേക്ക് ഏയ്ഞ്ചൽ നിക്ഷേപകർ വരണമെങ്കിൽ മികച്ച വളർച്ചാനിരക്കും ലാഭസാദ്ധ്യതയും ഉണ്ടായിരിക്കണം. ലോകത്തിലെ മുന്തിയ സ്റ്റാർട്ടപ്പുകളുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മുടെ സ്റ്റാർട്ടപ്പുകളുടെ വളർച്ച മന്ദഗതിയിലാണ്. വലിയ ലാഭസാദ്ധ്യതയുണ്ടെങ്കിൽ മാത്രമേ വിദേശനിക്ഷേപകർ പണം മുടക്കൂ. സർവീസ് സെക്ടറിന്റെ മെന്റാലിറ്റിയാണ് നമുക്കുള്ളത്. നൂതനമായ പ്രോഡക്ട് മെന്റാലിറ്റിയിലേക്ക് മാറണം. നിരാശപ്പെടേണ്ടതില്ല. ഈ രീതി മാറും.
സമ്മർദ്ദങ്ങളില്ലാതെ കരിയറിൽ വിജയിക്കാനുള്ള മാർഗം ?
സമ്മർദ്ദത്തെ പോസിറ്റീവായി കാണുക. മാൻഹോൾ വൃത്തിയാക്കുന്നതിന് മനുഷ്യർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കുന്ന ആശയവുമായി ഉയർന്നുവന്ന സംരംഭമാണ് ജെൻ റോബോട്ടിക്സ്. കേരളകൗമുദിയിലെ ഒരു വാർത്താചിത്രത്തിൽ നിന്നാണ് ആ സ്റ്റാർട്ടപ്പിന്റെ ഉദയം. ചിത്രം കണ്ട മുഖ്യമന്ത്രി, മനുഷ്യരെ മാൻഹോളിലിറക്കുന്ന പ്രാകൃതരീതിക്ക് മാറ്റം വരുത്തണമെന്ന് തീരുമാനിച്ചു. അദ്ദേഹം ജലവിഭവവകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തു. തുടർന്നാണ് ആ ടീമിനെ സമീപിച്ചത്. രണ്ടുവർഷം കൊണ്ട് ജെൻ റോബോട്ടിക്സ് ഇന്ത്യയിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. അഞ്ചുലക്ഷം രൂപ മുതൽമുടക്കിൽ തുടങ്ങിയ സംരംഭമായിരുന്നു അത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ടാർഗറ്റ് പൂർത്തീകരിക്കണമായിരുന്നു അവർക്ക്. സാമൂഹ്യപ്രതിബദ്ധത തിരിച്ചറിഞ്ഞ് അവർ ജോലി ആസ്വദിക്കുകയായിരുന്നു. മാൻഹോൾ വൃത്തിയാക്കുന്ന 32 ലക്ഷം ആളുകളുടെ ജോലി അന്തസുള്ളതാക്കി അവർ. ജോലി ആസ്വാദ്യകരമാക്കിയാൽ സമ്മർദ്ദം എന്നൊന്നില്ല.