red-201

ശേഖരൻ മൂക്കു വിടർത്തി മണം പിടിച്ചു. മദ്യത്തിന്റെ ഗന്ധവും അവിടെ തങ്ങി നിൽക്കുന്നതുപോലെ തോന്നി.

''എന്താടാ?" ശ്രീനിവാസകിടാവ് അനുജന്റെ നേരെ തിരിഞ്ഞു.

''ചേട്ടാ നമ്മൾ സ്റ്റോക്കു ചെയ്തിരുന്ന മദ്യം ഒഴിച്ചാണ് ബാഗുകൾ കത്തിച്ചത്."

''ങ്‌ഹേ?" കിടാവ് ഞെട്ടി. ''ഈശ്വരാ... അപ്പോൾ അതും പോയോ?"

പെട്ടെന്ന് ബാഗിനുള്ളിൽ ഒരു കുപ്പി പൊട്ടിത്തെറിച്ചു.

നീല ജ്വാലയോടെ തീത്തുണ്ടുകൾ ചുറ്റും ചിതറിവീണു.

''അത് മദ്യക്കുപ്പി പൊട്ടിയതാ..." സർവ്വതും തകർന്നവന്റെ വിലാപമായിരുന്നു ശേഖരന്റെ ശബ്ദം.

ഇരുവരും താടിക്കു കൈ ഊന്നി നടുത്തളത്തോടു ചേർന്ന വരാന്തയിൽ കുത്തിയിരുന്നു.

''ആ ചന്ദ്രകലയെയും പ്രജീഷിനെയും കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇവിടെ നിന്ന് എങ്ങനെയും പുറത്തുചാടാമായിരുന്നു..." കിടാവ് പിറുപിറുത്തു.

''നമ്മുടെയാളിനെ ഒന്നുകൂടി വിളിച്ചു നോക്കിയാലോ?"

ശേഖരൻ തിരക്കി.

''ഇവിടുത്തെ ലാന്റ് ഫോണിൽ നിന്നോ? അതേതായാലും വേണ്ടാ..."

അനന്തര കരണീയം എങ്ങനെയെന്നറിയാതെ ഇരുവരും പ്രതിമകൾ കണക്കെ അങ്ങനെയിരുന്നു.

മഹാശൂന്യതയുടെ ഒരു വല തങ്ങൾക്കു മീതെ വീശി വീണതുപോലെ അവർക്കു തോന്നി...

ദിക്കുകൾ അറിയാതെ ചിന്തകൾ മരവിച്ച ബുദ്ധിഹീനരായി അവർ.

******

നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു സി.ഐ അലിയാർ.

മറ്റാരോടും പറയാതെ തന്റെ സംശയമാകുന്ന കണക്കുകൾ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നോക്കി അയാൾ.

ചില ഭാഗം ശരിയാകുമ്പോൾ ചില ഭാഗം അമ്പേ തെറ്റിപ്പോകുന്നു.

ഹാഫ്‌ ‌ഡോറിൽ മുട്ടുകേട്ടു.

അലിയാർ മുഖമുയർത്തി പകുതി തുറന്ന ഡോറിനപ്പുറം എസ്.ഐ സുകേശിന്റെ മുഖം കണ്ടു.

''സാർ ക്വാർട്ടേഴ്സിലേക്കു പോകുന്നില്ലേ?"

ചില ദിവസങ്ങളിൽ ജീപ്പിൽ ഇരുവരും ഒന്നിച്ചാണ് ഇറങ്ങാറ്.

''സുകേശ് പൊയ്‌ക്കോ. എന്നിട്ട് വണ്ടി തിരിച്ചയച്ചാൽ മതി."

അലിയാർ പറഞ്ഞു.

''സാർ...."

സുകേശ് പോയി. പുറത്ത് ബൊലേറോ സ്റ്റാർട്ടുചെയ്യുന്ന ശബ്ദം കേട്ടു.

അലിയാർ ലാപ്ടോപ്പ് ഓൺ ചെയ്തു. അതിൽ കുറെ ചിത്രങ്ങൾ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തരുടെയും ബയോഡേറ്റകൾ സൂക്ഷ്മമായി പഠിക്കാൻ തുടങ്ങി.

അയാളുടെ മുഖത്ത് ഇടയ്ക്കിടെ ചുളിവുകൾ ഉയർന്നുകൊണ്ടിരുന്നു.

പതിനൊന്നു മണി.

സുകേശിനെ കൊണ്ടുപോയ ബൊലേറോ മടങ്ങിയെത്തി.

ലാപ്ടോപ്പ് മടക്കിവച്ച് അലിയാർ എഴുന്നേറ്റു.

സ്റ്റേഷൻ ഡ്യൂട്ടി ഉണ്ടായിരുന്ന എസ്.ഐയോടും പോലീസുകാരോടും ചില കാര്യങ്ങൾ നിർദ്ദേശിച്ചു.

മൊത്തം അഞ്ച് എസ്.ഐമാരാണ് സ്റ്റേഷനിലുള്ളത്.

അലിയാർ ബൊലേറോയ്ക്ക് അടുത്തേക്കു ചെന്നപ്പോൾ പോലീസ് ഡ്രൈവർ വേഗം വന്നു.

''ഞാൻ പൊയ്‌ക്കാെള്ളാം."

അയാൾ ഡ്രൈവറുടെ കയ്യിൽ നിന്നു കീ വാങ്ങി.

വാഹനം സ്റ്റാർട്ട് ചെയ്തിട്ട് ബീക്കൺ ലൈറ്റ് ഓഫുചെയ്തു.

അലിയാർക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു.

പയസ്സ് എന്ന കൊടുംക്രിമിനലിനെ അമ്പെയ്തു കൊന്നത് ആരാണെങ്കിലും അയാൾ കരുളായി ഭാഗത്ത് എവിടെയോ കാണുമെന്ന് അയാളുടെ മനസ്സു പറഞ്ഞു.

ബീക്കൺ ലൈറ്റുകണ്ട് ആരും ഓടിപ്പോകാൻ പാടില്ല.

.................

കരുളായി.

കരിമ്പുഴയ്ക്കു കുറുകെയുള്ള പാലത്തിന് ഇപ്പുറം മാക്സിമം റോഡിൽ നിന്നു മാറ്റി ബൊലേറോ പാർക്കു ചെയ്തു.

തന്റെ തൊപ്പിയെടുത്ത് സീറ്റിലിട്ടു. പിന്നെ പാർക്ക് ലൈറ്റുകൾ പോലും ഓഫുചെയ്തിട്ട് ഇറങ്ങി.

വിജനമായിരുന്നു റോഡും പാലവും.

അലിയാർ പാലത്തിലൂടെ നടന്ന് ഏതാണ്ട് മദ്ധ്യഭാഗത്തെത്തി. പിന്നെ കൈവരിയിൽ പിടിച്ചു പുഴയിലേക്കു നോക്കിനിന്നു.

നേർത്ത നിലാവുണ്ട്. കരിമ്പുഴയിലെ ഓളങ്ങൾ മത്സ്യങ്ങളുടെ ചെകിള പോലെ തിളങ്ങി.

ഇടയ്ക്കിടെ ഉയർന്നുനില്ക്കുന്ന മിനുസ്സമേറിയ കരിമ്പാറകൾ...

നദിയിൽ നിന്നു കാറ്റ് വീശി വന്നപ്പോൾ വല്ലാത്തൊരു അനുഭൂതി തോന്നി.

അവിടെ നിന്നാൽ കരുളായി വനത്തിന്റെ ഭാഗം ഇരുണ്ടതായി കാണാം.

അകലെ എവിടെയോ ഒരു കാട്ടാനയുടെ ചിന്നം വിളി കേട്ടു.

ആനകൾ പുഴ കടന്ന് ഇക്കരെയെത്തുമെന്നും കൃഷികൾ നശിപ്പിക്കാറുണ്ടെന്നും അയാൾക്കറിയാം.

ആനകളെ കുറ്റപ്പെടുത്താൻ തോന്നിയില്ല അലിയാർക്ക്. അവയുടെ ആവാസകേന്ദ്രങ്ങളും ആനത്താരകളുമടക്കം മനുഷ്യൻ കൈയേറിയപ്പോൾ അവറ്റകൾ പിന്നെ എങ്ങോട്ടു പോകാൻ?

തങ്ങളുടെ പ്രതിഷേധം അവ കാണിക്കുന്നത് ഇങ്ങനെയൊക്കെത്തന്നെ.

അലിയാർ വീണ്ടും മുന്നോട്ടു നടന്നു.

ഇടതുഭാഗത്ത് അകലെയായി ബലഭദ്രൻ തമ്പുരാന്റെ വീടിനു മുന്നിലെ വെളിച്ചം കണ്ടു.

പയസ്സ്, തമ്പുരാനെ വധിക്കാനാണു വന്നതെങ്കിൽ ഇനിയും അത്തരം അറ്റംപ്‌റ്റുകൾ ഉണ്ടായിക്കൂടെന്നില്ല....

അലിയാർക്ക് അങ്ങനെ തോന്നി.

തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. അയാൾ പാലത്തിന്റെ അങ്ങേയറ്റത്ത് എത്തി.

ഒരു ബൈക്കിന്റെ ശബ്ദം.

അലിയാർ കലുങ്കിനോടു ചേർന്ന് കുനിഞ്ഞിരുന്നു.

ബൈക്ക് പാഞ്ഞുപോയി.

അയാൾ ബലഭദ്രൻ തമ്പുരാന്റെ വീടിനു നേർക്കു നടന്നു. വൃക്ഷങ്ങളുടെ നിഴലിലൂടെ.

പെട്ടെന്ന്...

പിന്നിൽ ഒരു ശബ്ദം.

അലിയാർ വെട്ടിത്തിരിഞ്ഞു.

(തുടരും)