red-202

തന്റെ തൊട്ടുപിന്നിൽ വൃക്ഷത്തലപ്പിന്റെ നിഴലിൽ ഇരുൾക്കട്ടപോലെ ഒരാൾ!

അലിയാർ ഒന്നു ഞെട്ടി.

അതിശീഘ്രം അരയിലെ തുകൽബൽറ്റിലേക്ക് കൈ നീങ്ങി. പക്ഷേ പിസ്റ്റൾ എടുക്കുവാൻ കഴിഞ്ഞില്ല.

അതിനു മുൻപ് ഒരു കൂർത്ത സാധനം നെഞ്ചിൽ വന്നുമുട്ടി.

അലിയാർ നിശ്ചലനായി. അയാളുടെ കണ്ണുകൾ മാത്രം മുന്നിൽ നിൽക്കുന്ന രൂപത്തെ അടിമുടിയുഴിഞ്ഞു.

തന്നെക്കാൾ അല്പം കൂടി പൊക്കമുണ്ട്. ശരീരപുഷ്ടിയും.

അയാൾ ഒരു വില്ല് കുലച്ചുപിടിച്ചിരിക്കുകയാണെന്നും അമ്പാണ് തന്റെ നെഞ്ചിൽ മുട്ടിയിരിക്കുന്നതെന്നും നടുക്കത്തോടെ അലിയാർ അറിഞ്ഞു.

''ആരാ നീ‌"

അലിയാർ ഭീതി പുറത്തു കാണിക്കാതെ തിരക്കി.

''മിണ്ടണ്ടാ. മിണ്ടിയാൽ പയസ്സിന്റെ അനുഭവം തന്നെയായിരിക്കും നിനക്കും." ഒരു കാട്ടുമൃഗത്തിന്റെ മുരൾച്ച പോലെയുള്ള ശബ്ദം.

''ഇത്രയും സെക്കന്റുകളെങ്കിലും നീ ജീവിച്ചിരിക്കുന്നതിന്റെ കാരണം നീതിമാനായ ഒരു പോലീസ് ഓഫീസർ ആയതുകൊണ്ട് മാത്രമാണ്. നിന്റെ നഷ്ടം ഈ നാടിനു തന്നെ നഷ്ടമാകും. അതുകൊണ്ട് പോ... ഇവിടെ നടന്നതത്രയും മനസ്സിൽത്തന്നെ വച്ചോളൂ. ഇനി എന്നെത്തേടി വരരുത്. നിങ്ങളുടെ ചോദ്യത്തിന്റെ ഉത്തരം മാത്രം തരാം ഞാൻ. മരണം. മരണമാണ് ഞാൻ."

അലിയാർ ശബ്ദിച്ചില്ല. അവിടെ നിന്ന് അനങ്ങിയതുമില്ല.

താൻ പ്രതികരിച്ചാൽ ഈ അമ്പ് തന്റെ ഹൃദയത്തെ തുളച്ചെന്നിരിക്കും.

''പോ...." അയാൾ പിന്നെയും പറഞ്ഞു.

''പോകാം. അതിനു മുൻപ് നീ ആർക്കുവേണ്ടിയാണ് ഇവിടെ കാവൽ നിൽക്കുന്നതെന്നു പറയണം."

അലിയാർ ചുണ്ടനക്കി.

''എനിക്കു വേണ്ടിത്തന്നെയാണെന്നു കരുതിക്കോ. ഇനി ഒന്നും ചോദിക്കരുത്."

അലിയാർ തലയാട്ടി.

''നീ ഈ അമ്പു മാറ്റാതെ ഞാൻ എങ്ങനെ പോകും?"

അയാൾ അമ്പ് രണ്ടിഞ്ചോളം പിന്നോട്ടുമാറ്റി. എന്തോ തീരുമാനിച്ചുറച്ചതുപോലെ മടങ്ങാാനായി അലിയാർ മൂന്നടി നടന്നു.

അയാളിൽ മാത്രമായിരുന്നു ആ മനുഷ്യന്റെ ശ്രദ്ധ.

''ഒരു കാര്യം കൂടി." പിന്നിൽ നിന്നു ശബ്ദം വന്നു. ''പോകും വഴിക്ക് പിസ്റ്റൾ എടുത്ത് എനിക്കുനേരെ നിറയൊഴിക്കാം എന്നു കരുതിയേക്കരുത്. നിങ്ങളുടെ ബുള്ളറ്റിനേക്കാൾ റേഞ്ചുണ്ട് എന്റെ അമ്പിന്. വേഗവും. നിങ്ങൾ പിസ്റ്റൾ എടുക്കും മുമ്പ് ഞാൻ അമ്പയയ്ക്കും. എനിക്കൊരിക്കലും ലക്ഷ്യം പിഴയ്ക്കില്ല."

അലിയാർ ഒരടികൂടി മുന്നോട്ടുവച്ചു. ശേഷം മിന്നൽ വേഗത്തിൽ താഴേക്കിരുന്നതും വലതുകാൽ കൊടുവാൾ പോലെ വീശിയടിച്ചതും ഒന്നായിരുന്നു.

കാൽപ്പത്തി വന്നുകൊണ്ടത് ആ മനുഷ്യന്റെ കാൽമടക്കിൽ.

''ഹാ..." അസ്പഷ്ടമായ ഒരു ശബ്ദം. അയാളുടെ കയ്യിൽ നിന്ന് അമ്പിന്റെ പിടിവിട്ടു. കുലച്ചുപിടിച്ചിരിക്കുകയായിരുന്നതിനാൽ ഒരു സീൽക്കാരത്തോടെ അത് മണ്ണിൽ തറഞ്ഞു.

അതിന്റെ പിൻഭാഗം നിന്നു വിറച്ചു. അയാൾ കാലുകൾ മടങ്ങി പിന്നോട്ട് കൈകുത്തി ഇരുന്നുപോയി.

ആ ക്ഷണം അലിയാർ അയാളുടെ നെഞ്ചിലേക്കു പറന്നുവീണു. അയാളെ തറയിൽ അമർത്തി നെഞ്ചിൽ കുത്തിയിരുന്നു. പിന്നെ മിന്നൽ പോലെ പിസ്റ്റൾ വലിച്ചെടുത്ത് അയാളുടെ തിരുനെറ്റിയിൽ കുത്തിയമർത്തി.

''നിന്റെ അമ്പിന് എന്റെ തലയോടു തകർക്കാനുള്ള ശക്തി കാണില്ല. പക്ഷേ എന്റെ ബുള്ളറ്റിന് അത് സാധിക്കും. കാണണോ?"

അയാൾ മിണ്ടിയില്ല.

അലിയാർ പിസ്റ്റൾ അയാളുടെ പുരികങ്ങൾക്കു മദ്ധ്യത്തിലൂടെ മൂക്കിൻ തുമ്പിലൂടെ ഉരസി ചുണ്ടിലെത്തിച്ചു.

പിന്നെ ഒറ്റത്തള്ള്.

പല്ലുകളെ ഉരസി പിസ്റ്റൾ അകത്തേക്കു കയറി.

ഇത്തവണ ഞെട്ടിയത് അയാളാണ്. അറിയാതെയെങ്ങാനും അലിയാരുടെ കൈവിരൽ ട്രിഗറിൽ അമർന്നുപോയാൽ...

തന്റെ തലയോടിന്റെ പിൻഭാഗം ഉൾപ്പെടെ അമർന്നു തെറിക്കും.

''നീ എന്താടാ എന്നെക്കുറിച്ചു കരുതിയത്? ഒരുത്തന്റെ ഭീഷണിക്കു മുന്നിൽ ഭയക്കുന്നവനെന്നോ?‌"

അലിയാർ അയാളുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു.

''കമിഴ്‌ന്നു കിടക്കെടാ..."

വായിൽ നിന്നു വലിച്ചെടുത്ത പിസ്റ്റൾ അലിയാർ അയാളുടെ കവിളിലൂടെ ഉരസുകയും അല്പം മുകളിലേക്ക് ഉയർന്നു കൊടുക്കുകയും ചെയ്തു.

അയാൾ മെല്ലെ കമിഴ്‌ന്നപ്പോൾ പിസ്റ്റൾ ശിരസ്സിനു പിന്നിൽ മുട്ടിച്ചു.

''ഇനി നിന്റെ കൈകൾ പിറകോട്ട് കൊണ്ടുവാ."

ഒരു കൈ കൊണ്ട് അലിയാർ അയാളുടെ കൈകൾ പിന്നിലെത്തിച്ചു. തുടർന്ന് കൈപ്പത്തികൾക്കിടയിലൂടെ നട്ടെല്ലിനു പുറത്ത് പിസ്റ്റൾ കുത്തി. പിന്നെ കരുതലോടെ പോക്കറ്റിൽ നിന്ന് ഹാന്റ് കഫ് വലിച്ചെടുത്തു.

ഒറ്റ കൈ കൊണ്ട് അയാളുടെ ഇടം കയ്യിൽ മുറുക്കുകയും ക്ഷണനേരത്തേക്കു പിസ്റ്റൾ മാറ്റിയിട്ട് അയാളുടെ വലം കയ്യിലും മുറുക്കി.

ശേഷം എഴുന്നേറ്റു.

തറയിൽ നിന്ന് അയാളുടെ അമ്പും വില്ലും എടുത്തു.

''ഇനി എഴുന്നേൽക്കെടാ." അലിയാർ കൽപ്പിച്ചു.

എന്നാൽ കൈകൾ പിന്നിൽ കെട്ടിയിരുന്നതിനാൽ അയാൾക്ക് ആയില്ല.

സി.ഐ തന്നെ അയാളെ വലിച്ച് എഴുന്നേൽപ്പിച്ചു നിർത്തി.

''ഇനി നടന്നോ. ഓടാൻ ശ്രമിക്കരുത്. ശ്രമിച്ചാൽ... നിന്റെ രണ്ട് കാലുകളും ഞാൻ വെടിവച്ചു തകർക്കും."

ഇതൊന്നും സഹിക്കാൻ പറ്റാത്തതുപോലെ അയാൾ തല കുടഞ്ഞുകൊണ്ടിരുന്നു.

ഇരുവരും റോഡിലെത്തി.

അടുത്ത നിമിഷം അയാളുടെ ഫോൺ ശബ്ദിച്ചു.

സി.ഐ കൈ നീട്ടി പോക്കറ്റിൽ നിന്ന് അതെടുത്തു ഡിസ്‌പ്ളേയിലേക്കു നോക്കി.

അമ്പരന്നു പോയി അലിയാർ.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളുടെ കാൾ ആയിരുന്നു അത്.

(തുടരും)