അശോക്‌പൂർ: വിവാഹപാർട്ടിക്കിടെ പാട്ടുവച്ചതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.വരന്റെ വീട്ടുകാരും വധുവിന്റെ ബന്ധുക്കളും തമ്മിലുള്ള കൂട്ടയടിയിൽ വരന്റെ മാതൃസഹോദരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ അശോക്‌പൂരിലാണ് സംഭവം. കൊലപാതകക്കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വധുവിന്റെ വീട്ടിൽ നടന്ന ദ്വാർ പൂജയ്ക്കിടെ വരന്റെ വീട്ടുകാർ ഡി.ജെ പാട്ട് വച്ചതാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്. വടിയും ഇഷ്ടികയും കൊണ്ടുമുള്ള ആക്രമണത്തിൽ വരൻ ബീർ ബഹദൂർ നിഷാദ് ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബീറിന്റെ അമ്മാവൻ ഷിർദു നിഷാദിനെ, പൊലീസെത്തി അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.
പരിക്ക് ഗുരുതരമായതിനാൽ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റവരെ കപ്തൻഗഞ്ച് സി.എസ്.സി ആശുപത്രിയിലേക്ക് മാറ്റിയതായും വിവാഹം മുടങ്ങിയതായും പൊലീസ് അറിയിച്ചു.