amit-shah

മുംബയ്: മുൻകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ തെറ്റുകളെലാം നരേന്ദ്ര മോദി സർക്കാർ തിരുത്തിയെന്നും ഇനി ഒന്നും പേടിക്കാനില്ലെന്നും പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ സാമ്പത്തിക രംഗത്തെ നന്നാക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെല്ലാം അവസാനിച്ചിരിക്കുകയാണെന്നും ഇനി നല്ല കാലമാണ് മുൻപിലുള്ളതെന്നും(ആഗേ അച്ചാ സമയ് ആയേഗാ)​ അദ്ദേഹം പറഞ്ഞു. നികുതികളെ സംബന്ധിച്ച് വ്യവസായ, വാണിജ്യ മേഖലകളിൽ നിലനിൽക്കുന്ന ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിൽ നിന്നും രാജ്യം കരകയറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യവസായരംഗത്തുള്ളവർ അവരുടെ ആശങ്കകളും നിർദ്ദേശങ്ങളും കേന്ദ്ര സർക്കാരുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സാമ്പത്തിക, ബാങ്കിംഗ് രംഗത്തുണ്ടായിട്ടുള്ള തെറ്റുകൾ പരിഹരിക്കാനായി മോദി സർക്കാർ സ്വീകരിച്ച നടപടികൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ സംഭവിച്ച ഈ തെറ്റുകൾ പരിഹരിക്കുന്നതിനായി തങ്ങൾക്ക്(സർക്കാരിന്) ഏതാനും തീരുമാനങ്ങൾ നടപ്പാക്കേണ്ടി വന്നു. ഈ നടപടികൾ ഇപ്പോൾ അവസാനിച്ചിരിക്കുന്നു. വിഷലിപ്തമായ സാമ്പത്തിക രംഗത്തെ ശുദ്ധീകരിക്കാൻ തങ്ങൾ എടുത്ത തീരുമാനങ്ങൾ ചില പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. അത് പരിഹരിക്കേണ്ടതുണ്ട്. ഈ നടപടികൾ നല്ലതിലേക്കാണ് നയിച്ചത്. അത് കാരണം സാമ്പത്തിക രംഗം സുതാര്യമാകുകയാണ് ഉണ്ടായത്. ഈ തീരുമാനങ്ങൾ മൂലമുണ്ടായ പ്രത്യാഘാതങ്ങൾ വ്യവസായ രംഗത്തുള്ളവരുടെ സഹകരണം കൊണ്ട് മറികടക്കാൻ സാധിക്കും. അമിത് ഷാ ചൂണ്ടിക്കാട്ടി.

'ആരും ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല. ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ സർക്കാർ ഒന്നുംതന്നെ ചെയ്തിട്ടില്ല. ആത്മധൈര്യത്തോട് കൂടി വേണം നമ്മൾ ഈ മാന്ദ്യത്തെ മറികടക്കാൻ. ആഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യം നമ്മൾ മറികടക്കേണ്ട ഒരു താത്കാലിക പ്രതിസന്ധിയാണ്. ഇക്കാര്യം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക രംഗം ഇപ്പോഴും ഇന്ത്യയുടേത് തന്നെയാണ്. വാണിജ്യം അനായാസമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സർക്കാർ എണ്ണമില്ലാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ട്.' മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും കേന്ദ്ര സർക്കാർ നവീകരണത്തിന്റെ പാതയിലാണെന്നും അമിത് ഷാ പറഞ്ഞു. മുംബയിൽ സംഘടിപ്പിക്കപ്പെട്ട ഇക്കണോമിക്ക് ടൈംസ് അവാർഡ്‌സ് വേദിയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു.