മുംബയ്: ബി.ജെ.പി സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെ മഹാവികാസ് അഘാടി സഖ്യ സ്ഥാനാർത്ഥി നാന പട്ടോളെ മഹാരാഷ്ട്ര സ്‌പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നിയമസഭ ചേർന്ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ബി.ജെ.പി സ്ഥാനാർത്ഥിയെ പിൻവലിക്കുകയായിരുന്നു. കിസാൻ കാതോരെയായിരുന്നു ബി.ജെ.പി സ്‌പീക്കർ സ്ഥാനാർത്ഥിയായി നിർത്തിയിരുന്നത്.
വിദർഭ മേഖലയിലെ സകോള മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ് നാന പട്ടോളെ. മുൻ ബി.ജെ.പി എം.പി കൂടിയാണ് ഇദ്ദേഹം. കോൺഗ്രസുകാരനായിരുന്ന നാന പട്ടോളെ 2009-ൽ ബി.ജെ.പിയിൽ ചേർന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തില്‍ എൻ.സി.പി സ്ഥാനാർത്ഥിയും മുന്‍കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ തോല്‍പ്പിച്ചാണ് എം.പി.യായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ വീണ്ടും കോൺഗ്രസിൽ ചേരുകയായിരുന്നു.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ ഇന്നലെ നിയമസഭയിൽ വിശ്വാസ വോട്ട് നേടിയിരുന്നു. 169 എം. എൽ. എമാരുടെ പിന്തുണയാണ് സർക്കാരിനു ലഭിച്ചത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. അതിന് മുൻപ് തന്നെ സഭാ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ 105 അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. വിശ്വാസ പ്രമേയത്തിനെതിരെ ആരും വോട്ട് ചെയ്‌തില്ല. നാല് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
മഹാ വികാസ് അഘാഡി കക്ഷികളായ കോൺഗ്രസ്, എൻ. സി. പി, ശിവസേന എന്നിവയ്‌ക്ക് മൊത്തം 154 സീറ്റാണുള്ളത്. വിശ്വാസ വോട്ടിൽ അതിനേക്കാൾ 15 പേരുടെ പിന്തുണ കൂടുതൽ ലഭിച്ചു. തിങ്കളാഴ്ച 162 പേരെ അണിനിരത്തിയ സഖ്യത്തിന് പിന്നീട് ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയും ലഭിച്ചിട്ടുണ്ട്. 288 അംഗ നിയമസഭയിൽ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്.