ഹൈദരാബാദ്: വനിതാ മൃഗ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. 2012ൽ ഡൽഹിയിൽ ഉണ്ടായ നിർഭയ സംഭവത്തിനോട് സമാനമായ ഈ സംഭവത്തിൽ ഇരയുടെ ക്ടുടുംബങ്ങളെ പൊലീസ് സഹായിച്ചില്ലെന്ന ആക്ഷേപവും രൂക്ഷമാണ്. പലതവണ വിവിധ പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങിയിട്ടും ഇവർക്ക് പറയാനുള്ളത് കേൾക്കാൻ പൊലീസുകാർ തയാറായില്ല. പൊലീസുകാർക്കെതിരെ വിമർശനം രൂക്ഷമായതോടെ സംഭവത്തിൽ നിഷ്‌ക്രിയത കാണിച്ച മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള മൂന്ന് പൊലീസുകാരെ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ വി.സി സജ്ജനാർ സസ്‌പെൻഡ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് സംഭവം നടന്നത്.
ഷഡ്‌നഗറിലുള്ള തന്റെ വീട്ടിൽ നിന്നും മൃഗാശുപത്രിയിലേക്ക് പോയ യുവതി സമീപത്തെ ടോൾ ബൂത്തിൽ തന്റെ സ്കൂട്ടർ നിർത്തിയ ശേഷം ത്വക് രോഗ വിദഗ്ദ്ധനെ കാണാനായി പോയ തക്കത്തിൽ പ്രതികളിൽ ഒരാൾ സ്കൂട്ടറിന്റെ കാറ്റഴിച്ച് വീട്ടു. തുടർന്ന് യുവതി മടങ്ങിയെത്തിയപ്പോൾ വാഹനം നന്നാക്കാൻ സഹായിക്കാം എന്ന പേരിൽ യുവതിൽ നിന്നും സ്കൂട്ടർ പ്രതികളിൽ ഒരാൾ വാങ്ങുകയും അൽപ്പ സമയം കഴിഞ്ഞ് കടയെല്ലാം അടച്ചുവെന്ന് പറഞ്ഞുകൊണ്ട് മടങ്ങിയെത്തുകയുമായിരുന്നു. ഇതിനിടെ പെൺകുട്ടി സഹോദരിയെ വിളിച്ച് സാഹചര്യം അറിയിച്ചു. തനിക്ക് ഭയം തോന്നുന്നുണ്ടെന്ന് യുവതി സഹോദരിയെ അറിയിച്ചിരുന്നു. എന്നാൽ 9.44ഓടെ യുവതിയുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയതോടെയാണ് സഹോദരിയും കുടുംബവും അന്വേഷിച്ചിറങ്ങിയത്.
ഇവർ പല പൊലീസ് സ്റ്റേഷനുകളും കയറി ഇറങ്ങിയെങ്കിലും പൊലീസ് സഹായിക്കാൻ തയാറായില്ലായിരുന്നു. പിന്നീടാണ് ഷംഷാബാദ് സ്റ്റേഷനിലെ പൊലീസുകാർ പരാതി സ്വീകരിക്കാൻ തയാറായത്.ബലമായി മദ്യം നൽകിയ ശേഷമാണ് യുവതിയെ പ്രതികൾ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പ്രതികൾ മാറിമാറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ മുഖം പ്രതികൾ മറച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്, തുടർന്ന് പുലർച്ചെ 2 മണിയോടെ പ്രതികൾ മൃതശരീരത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങിയ പ്രതികളെ പിന്നീടാണ് പൊലീസ് പിടികൂടിയത്.