കോട്ടയം: എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് വളപ്പിൽ ബിന്ദു അമ്മിണിക്കു നേരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയതു മുതൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. പൂനെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തിയ വേളയിലാണ് ബിന്ദുവിന് നേരെ മുളകുസ്‌പ്രേ പ്രയോഗമുണ്ടായത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ ബിന്ദു അമ്മിണിക്ക് പൊലീസ് പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയത്. ചായ കുടിക്കാനും ഫോൺ ചെയ്യാനും വരെ പൊലീസ് കാവലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് ബിന്ദു അമ്മിണി കോട്ടയം നഗരത്തിൽ എത്തിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ റെസ്റ്റ് ഹൗസിൽ ബിന്ദു എത്തിയെങ്കിലും മുറി ഒഴിവില്ലെന്നു മാനേജർ അറിയിച്ചു. പിന്നീട് തിരുനക്കരയിലെ സ്വകാര്യ ലോഡ്ജിലേക്കു പൊലീസ് കൂട്ടിക്കൊണ്ടു പോയി. ഉച്ചയോടെ മടങ്ങുകയും ചെയ്തു. പൊലീസ് റെയിൽവേ സ്റ്റേഷനിലും സുരക്ഷ ഒരുക്കി.
ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അദ്ധ്യാപകനുമായി ബന്ധപ്പെട്ടുയർന്ന പീഡനവാർത്തയെത്തുടർന്ന് സ്കൂളിലെ 95 വിദ്യാർഥികളുടെ പഠനം മുടങ്ങിയെന്നും ഇതിൽ പ്രതിഷേധം രേഖപ്പെടുത്താനും തുടർനടപടികളുടെ ചർച്ചകൾക്കുമായാണ് കോട്ടയത്ത് എത്തിയതെന്ന് ബിന്ദു അമ്മിണി പറഞ്ഞിരുന്നു. വിഷയം അന്വേഷിക്കാനുളള നിവേദനം നൽകാനാണ് മന്ത്രി എ.കെ.ബാലന്റെ ഓഫീസ് സന്ദർശിച്ചതെന്നും അവർ വ്യക്തമാക്കിയിരുന്നു.