rapecases

2012ലാണ് 'നിർഭയ' എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയാകുന്നത്. അന്ന് രാജ്യത്തുടനീളവും, സോഷ്യൽ മീഡിയയിലും മറ്റും വൻ പ്രതിഷേധം ഇരമ്പിയിരുന്നു. തുടർന്ന് സ്ത്രീകൾക്ക് ഇത്തരം ക്രൂരതകളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി രാജ്യത്തെ നിയമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്‍തു. സ്വാഭാവികമായും ഇത്തരം സംഭവങ്ങൾ തുടർന്നും രാജ്യത്ത് ഉണ്ടാകില്ല എന്നായിരിക്കും ജനങ്ങൾ പ്രതീക്ഷിക്കുക. എന്നാൽ വർഷങ്ങൾക്കപ്പുറം 2018ൽ ജമ്മു കാശ്മീരിലെ കത്വയിൽ ഒരു എട്ടുവയസുകാരി ഒരു ക്ഷേത്രത്തിനുള്ളിൽ വച്ച് പീഡിപ്പിക്കപ്പെട്ടപ്പോൾ രാജ്യം വീണ്ടും നടുങ്ങുകയാണുണ്ടായത്. ഡൽഹിയിലെ 'നിർഭയ'യ്ക്കായി രാജ്യത്തെ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ കാശ്മീരിൽ രക്തം തണുപ്പിക്കുന്ന ഈ പാതകം ചെയ്ത കുറ്റവാളികൾക്ക് വേണ്ടിയാണ് ഒരു പ്രമുഖ പാർട്ടി രംഗത്തിറങ്ങിയത്. ഹൈദരാബാദിലെ ലേഡി വെറ്റിനറി ഡോക്ടറെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ വാർത്തയും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് രാജ്യത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിക്കുകയല്ല, വർദ്ധിക്കുകയാണ് എന്ന വസ്തുതയിലേക്കാണ്. ഈ വാദത്തിലേക്ക് വെളിച്ചം വീശുന്ന ഏതാനും കണക്കുകൾ നോക്കാം.

1. 2018 തോമസ് റോയിറ്റേഴ്‌സ് നടത്തിയ സർവേ പ്രകാരം ലോകത്തിൽ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണ്. നാല് വർഷം മുൻപ് ഇതേ സർവേയിൽ ഇന്ത്യയുടെ സ്ഥാനം നാലാമതായിരുന്നു.

2. ഇന്ത്യയിൽ 15 മുതൽ 49 വയസുവരെ പ്രായമുള്ള സ്ത്രീകളിൽ 30 ശതമാനവും തങ്ങൾക്ക് 15 വയസായിരുന്നപ്പോൾ മുതൽ ലൈംഗിക പീഡനം നേരിട്ടിട്ടുള്ളവരാണ്.

3. 2016ൽ, ഇന്ത്യയിലെ 19, 233 സ്ത്രീകളെയാണ് മനുഷ്യക്കടത്തിന്റെ ഇരകളായി കണ്ടെത്തിയത്.

4. 2015ൽ, സ്ത്രീകൾക്കെതിരെ നടന്ന 3, 27, 394 കുറ്റകൃത്യങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഗാർഹിക പീഡനം, ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടും.

5. തങ്ങളെ ഭർത്താക്കന്മാർ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി നൽകിയത് 83 ശതമാനം സ്ത്രീകളാണ്. മുൻ ഭർത്താക്കന്മാർ തങ്ങളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് 9 ശതമാനം സ്ത്രീകളും.

6. ഇന്ത്യയിലെ വിവാഹിതരായ മൂന്നിലൊന്ന് സ്ത്രീകളും ഭർത്താക്കന്മാരിൽ നിന്നും ലൈംഗികമോ, ശാരീരികമോ, മാനസികമോ ആയ പീഡനം നേരിട്ടവരാണ്.

7. 2017ൽ മാത്രം രാജ്യത്തുടനീളം സ്ത്രീകൾക്കെതിരെ 148 ആസിഡ് ആക്രമണങ്ങൾ ആണ് നടന്നത്.

8. 2015 മുതൽ 2018 വരെ മുന്നൂറിൽ കൂടുതൽ ദുരഭിമാന കൊലകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിരുന്നു.

9. ഇന്ത്യയിലെ 4 ശതമാനം ഗർഭിണികളായ സ്ത്രീകൾ ലൈംഗിക പീഡനം നേരിട്ടവരാണ്.

10. 2017ൽ മഹാരാഷ്ട്രയിൽ മാത്രം സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടായ 1,147 സൈബർ ക്രൈമുകൾ(പോർണോഗ്രഫി, സ്‌റ്റോക്കിങ്) രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു.

11. 2018ലെ കണക്കനുസരിച്ച് ഡൽഹിയിൽ മാത്രം ദിവസേന 5 സ്ത്രീകൾ ലൈംഗിക പീഡനത്തിനും 8 സ്ത്രീകൾ ലൈംഗികോപദ്രവത്തിനും ഇരയാകുന്നുണ്ട്.